ഗസ്സയിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് ആരോഗ്യപ്രവർത്തകർ
text_fieldsഗസ്സ: ഇസ്രായേൽ ആശുപത്രികൾക്ക് നേരെ ആക്രമണം ശക്തമാക്കുന്നതിനിടെ ഗസ്സയിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ഇന്തോനേഷ്യൻ ആശുപത്രിയിലെ ഡോക്ടറാണ് മരുന്ന് ക്ഷാമം രൂക്ഷമാകുന്ന വിവരം അറിയിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ആഴ്ചയിൽ എല്ലാ ദിവസവും തങ്ങൾ ജോലി ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂർ മാത്രമാണ് വിശ്രമിക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതോടെ പെട്ടെന്ന് തന്നെ വീണ്ടും ഡ്യൂട്ടിക്ക് വരാൻ നിർബന്ധിതമാവുകയാണെന്നും ഡോക്ടർ പറഞ്ഞു. പക്ഷേ ഇതിനേക്കാളും വലിയ പ്രതിസന്ധിയാണ് മരുന്നുക്ഷാമം കൊണ്ടുണ്ടാവുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട മരുന്നുകൾക്ക് പോലും ക്ഷാമം നേരിടുകയാണെന്ന് ഡോക്ടർ അറിയിച്ചു.
ഗസ്സയിലെ ആരോഗ്യപ്രവർത്തകരും വൻ പ്രതിസന്ധി നേരിടുന്നുണ്ട്. പല ആരോഗ്യപ്രവർത്തകരുടേയും കുടുംബാംഗങ്ങൾ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ചിലരുടെ കുടുംബാംഗങ്ങൾ വടക്കൻ ഗസ്സയിൽ നിന്നും തെക്കൻ ഭാഗങ്ങളിലേക്ക് പലായനം ചെയ്യുന്നതും പ്രതിസന്ധിയാവുന്നുണ്ട്.
അതേസമയം, ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗസ്സയിലെ നാല് ആശുപത്രികൾ ഇസ്രായേൽ സേന വളഞ്ഞിരുന്നു. അൽ റൻതീസി കുട്ടികളുടെ ആശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്. ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫക്കുനേരെ വ്യാഴാഴ്ച രാത്രി മുതൽ അഞ്ചുതവണ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ആശുപത്രികൾ പൂർണമായി തകർക്കാനും ഇവിടെ അഭയം തേടിയവരെ കൂട്ടക്കൊല ചെയ്യാനുമാണ് ഇസ്രായേൽ ശ്രമമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ ആരോപിച്ചു. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികൾ പൂട്ടി. അൽ ബുറാഖ് സ്കൂളിൽ വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ബോംബിങ്ങിൽ 50ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കൻ ഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിലും നിരവധി പേർ മരിച്ചു. 4,506 കുട്ടികളടക്കം ആകെ മരണസംഖ്യ 11,078 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.