തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട ലണ്ടനിലെ ഹീത്രൂ വിമാനത്താവളം തുറന്നു
text_fieldsലണ്ടൻ: സബ്സ്റ്റേഷനിലെ തീപിടിത്തത്തെ തുടർന്ന് വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ കാരണം അടച്ചിട്ട ലണ്ടനിലെ ഹീത്രൂ വിമാനത്താവളം തുറന്നു. ശനിയാഴ്ച വിമാനത്താവളം പൂർണ തോതിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
18 മണിക്കൂർ അടച്ചിട്ട വിമാനത്താവളത്തിലെ സർവീസുകൾ വെള്ളിയാഴ്ച വൈകീട്ട് പുനരാരംഭിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂവിലെ വൈദ്യുതി വിതരണം തീപിടുത്തത്തെ തുടർന്ന് നിലക്കുകയായിരുന്നു. പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
വ്യാഴാഴ്ച രാത്രി 11:30 ഓടെ അടുത്തുള്ള സബ്‌സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തെത്തുടർന്നാണ് വിമാനത്താവളം പൂർണമായും അടച്ചുപൂട്ടേണ്ടി വന്നത്. പ്രവർത്തനം പുനരാരംഭിച്ച ശേഷം, വെള്ളിയാഴ്ച വൈകീട്ട് ആദ്യ വിമാനം ലാൻഡ് ചെയ്തു. ശനിയാഴ്ച വിമാനത്താവളം പൂർണ തോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹീത്രൂ വിമാനത്താവളം ചീഫ് എക്സിക്യൂട്ടിവ് തോമസ് വോൾഡ്ബൈ പറഞ്ഞു. ‘
യാത്രയെ ബാധിച്ച എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. എല്ലാ അസൗകര്യങ്ങളിലും ഞങ്ങൾ വളരെ ഖേദിക്കുന്നു’ അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ദുരൂഹ സാധ്യത പൊലീസ് തള്ളിക്കളഞ്ഞെങ്കിലും അന്വേഷണം തുടരുകയാണ്. വൈദ്യുത വിതരണ ഉപകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.