നദി വറ്റിയപ്പോൾ കണ്ടത് ഉഗ്രസ്ഫോടന ശേഷിയുള്ള രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ്, ഭാരം 450 കിലോ
text_fieldsമാണ്ടുവ(ഇറ്റലി): പരിഭ്രാന്തി ഉയർത്തി ഇറ്റലിയിലെ പൊ നദിയിൽ കണ്ടെത്തിയത് ഉഗ്രസ്ഫോടന സാധ്യതയുള്ള രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ്. കനത്ത വരൾച്ചയിൽ നദി വറ്റിയതാണ് 450 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്താൻ കാരണമായത്.
പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുകയും ചെയ്ത അധികൃതർ ബോംബ് നിർവീര്യമാക്കുകയും നിയന്ത്രിതമായ സ്ഫോടനത്തോടെ പൂർണമായും നശിപ്പിക്കുകയും ചെയതു. മത്സ്യത്തൊഴിലാളികളാണ് ബോംബ് നദിയിൽ കണ്ടത്.
മാണ്ടുവക്കടുത്ത് ബോർഗൊ വിർഗീലിയൊ എന്ന ഗ്രാമമായിരുന്നു സമീപത്തെ ആൾതാമസമുള്ള പ്രദേശം. ഇവിടെ നിന്നും 3000 ആളുകളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള വ്യോമയാനം, റെയിൽവേ അടക്കമുള്ള ഗതാഗതം പൂർണമായും തടഞ്ഞാണ് ബോംബ് നിർവീര്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്ന് ബോർഗൊ വിർഗീലിയൊ മേയർ ഫ്രാൻസെസ്കൊ അപോർടി പറഞ്ഞു.
നിർവീര്യമാക്കിയ ബോംബ് 45 കിലോമീറ്റർ അകലെയുള്ള മെഡോൾ മുനിസിപ്പാലിറ്റിയിലെ ക്വാറിയിൽ എത്തിക്കുകയും നിയന്ത്രിതമായ സ്ഫോടനത്തോടെ പൂർണമായും നശിപ്പിക്കുകയും ചെയ്തെന്ന് കേണൽ മാർകോ നാസി പറഞ്ഞു.
70 വർഷത്തിലെ ഏറ്റവും ഭീകരമായ വരൾച്ചയാണ് ഇറ്റലിയിലിപ്പോൾ. രാജ്യത്തെ ഏറ്റവും നീളമേറിയ നദിയായ 'പൊ' വറ്റിയത് പ്രതിസന്ധി കൂട്ടിയിരിക്കുകയാണ്. വരൾച്ചയെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.