ഒഡേസയിലും മരിയുപോളിലും കനത്ത ആക്രമണം
text_fieldsകിയവ്: തുറമുഖ നഗരമായ ഒഡേസയിലും മരിയുപോളിലെ ഉരുക്ക് പ്ലാന്റിലും റഷ്യയുടെ കനത്ത ആക്രമണം. ആയുധങ്ങളും മറ്റ് സഹായങ്ങളും യുക്രെയ്ന് കടൽമാർഗം എത്തുന്നത് തടയാനാണ് ഒഡേസയെ ലക്ഷ്യം വെക്കുന്നത്.
ഏഴു മിസൈലുകളാണ് ഒഡേസ തുറമുഖവും നഗരവും ലക്ഷ്യമാക്കി ചൊവ്വാഴ്ച തൊടുത്തത്. മിസൈൽ പതിച്ച് ഷോപ്പിങ് സെന്ററും ഒരു വെയർഹൗസും പൂർണമായി തകർന്നു. ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സോവിയറ്റ് കാലത്തെ ചില ആയുധങ്ങൾ ഒഡേസക്ക് നേരെ പ്രയോഗിച്ചതായി യുക്രെയ്ൻ സൈന്യം ആരോപിച്ചു. ദിവസങ്ങൾക്ക് മുമ്പ് നാടകീയമായി രക്ഷാപ്രവർത്തനം നടന്ന മരിയുപോളിലെ ഉരുക്ക് പ്ലാന്റിന് നേർക്കുണ്ടായ ആക്രമണത്തിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല.
നൂറോളം പേർ ഇപ്പോഴും പ്ലാന്റിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അനുമാനം. പ്ലാന്റിലെ ഭൂഗർഭ ടണലുകളിലാണ് ഇവർ കഴിയുന്നത്. അതിനിടെ, റഷ്യൻ അധിനിവേശത്തിൽ സിവിലിയൻ മരണസംഖ്യ ഔദ്യോഗിക കണക്കിനേക്കാൾ പതിന്മടങ്ങ് ഉയർന്നതാകുമെന്ന് യു.എൻ അഭിപ്രായപ്പെട്ടു. 3,381 പേർ മരിച്ചുവെന്നും 3,680 പേർക്ക് പരിക്കേറ്റുവെന്നുമാണ് ഔദ്യോഗിക കണക്ക്.
യഥാർഥ സംഖ്യ ഇതിനേക്കാൾ എത്രയോ അധികമാകുമെന്ന് യു.എൻ മനുഷ്യാവകാശ നിരീക്ഷക മറ്റിൽഡ ബോഗ്നർ വ്യക്തമാക്കി. മൊത്തം അഭയാർഥികളുടെ എണ്ണം ഒരുകോടിയിലേക്കും അടുക്കുകയാണ്. 80 ലക്ഷത്തിലേറെ അഭയാർഥികൾ ഇതിനകം വീടുവിട്ടതായും യു.എൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.