ബൈത് ഹാനൂനിൽ കനത്ത പോരാട്ടം: രണ്ടു ദിവസത്തിനിടെ 30 ഇസ്രായേൽ സൈനികർക്ക് പരിക്ക്
text_fieldsഗസ്സ: വടക്കൻ ഗസ്സയിലെ ബൈത് ഹാനൂനിൽ ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിൽ കനത്ത പോരാട്ടം. ഇസ്രായേൽ സൈന്യത്തിന് ഹമാസ് കാര്യമായ നാശം സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. കരയുദ്ധത്തിൽ തിരിച്ചടി നേരിട്ടതോടെ ഇസ്രായേൽ സിവിലിയൻ കെട്ടിടങ്ങൾക്ക് മേൽ ബോംബാക്രമണം നടത്തി. യുദ്ധം തുടങ്ങിയ ഘട്ടത്തിൽ ശക്തമായ പോരാട്ടം നടന്ന സ്ഥലമാണ് ബൈത് ഹാനൂൻ.
ഇവിടെ ഹമാസിനെ പൂർണമായി തുരത്തി നിയന്ത്രണം ഏറ്റെടുത്തെന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം. വടക്കൻ ഗസ്സയിൽ ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചയിടങ്ങളിലെല്ലാം ഹമാസ് ശക്തമായി തിരിച്ചുവരുന്നു. രണ്ടുദിവസത്തിനിടെ 30 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. അതിനിടെ തെക്കൻ ഗസ്സയിലെ റഫയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി.
ഗസ്സ സിറ്റിയിൽ പത്ത് കുട്ടികൾ ഉൾപ്പെടെ 16 പേരെ കൊലപ്പെടുത്തി. സെൻട്രൽ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ എട്ടുപേരെ വധിച്ചു. ഗസ്സയിൽ 24 മണിക്കൂറിനകം 91 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,800 ആയി. 80,011 പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.