സ്ലോവിയൻസ്കിലും കനത്ത ആക്രമണം
text_fieldsകിയവ്: യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈന്യം ലുഹാൻസ്ക് പ്രവിശ്യയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കിയശേഷം അടുത്ത പ്രവിശ്യയും പിടിച്ചെടുക്കാൻ ആക്രമണം ശക്തമാക്കി. ഡോൺറ്റ്സ്ക് പ്രവിശ്യകൂടി അധീനതയിലാക്കി കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ അധിനിവേശം പൂർണമാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
ഡോൺറ്റ്സ്ക് പ്രവിശ്യയിലെ നഗരമായ സ്ലോവിയൻസ്കിൽ റഷ്യൻ സൈന്യം കനത്ത ആക്രമണം തുടങ്ങി. സ്ലോവിയൻസ്കിൽ കനത്ത ഷെല്ലിങ് നടക്കുന്നതായി മേയർ വാദിം ലിയ്ഖ് അറിയിച്ചു. 40 വീടുകൾ ഷെല്ലിങ്ങിൽ തകർന്നതായും ജനങ്ങളോട് വേഗത്തിൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. 1,07,000 ജനസംഖ്യയുള്ള നഗരമാണ് സ്ലോവിയൻസ്ക്.
ലിസിഷാൻസ്ക് നഗരം പിടിച്ചെടുത്തതോടെയാണ് റഷ്യൻ സൈന്യം കഴിഞ്ഞദിവസം ലുഹാൻസ്ക് പ്രവിശ്യയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കിയത്. ലിസിഷാൻസ്ക് നഗരത്തിലെ യുക്രെയ്ൻ സൈനികർ ഒറ്റപ്പെടുന്നത് ഒഴിവാക്കാൻ പിന്മാറുകയായിരുന്നുവെന്നും ലുഹാൻസ്ക് പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ യുക്രെയ്ൻ സൈനികർ തുടരുന്നുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.