യു.എസ് നയതന്ത്ര മുഖം കിസിൻജർ നിര്യാതനായി
text_fieldsവാഷിങ്ടൺ: യു.എസ് നയതന്ത്രത്തിന്റെ മുഖമായിരുന്ന മുൻ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിൻജർ നിര്യാതനായി. അമേരിക്കക്ക് ഊരാക്കുടുക്കായി മാറിയ വിയറ്റ്നാം യുദ്ധത്തിൽനിന്ന് തടിയൂരിയതും ചൈനയുമായുള്ള തൊട്ടുകൂടായ്മ അവസാനിപ്പിച്ചതും കിസിൻജറിന്റെ കാലത്താണ്. സോവിയറ്റ് യൂനിയനുമായുള്ള ചർച്ചകൾ, ’73ലെ ഇസ്രായേൽ-അറബ് യുദ്ധം അവസാനിപ്പിക്കാനുള്ള ‘ഷട്ട്ൽ നയതന്ത്രം’ തുടങ്ങിയവ വഴിയും വാർത്തകളിൽ നിറഞ്ഞു. 100 വയസ്സായിരുന്നു.
കനത്ത ശബ്ദവും കട്ടിക്കണ്ണടയുമായി കിസിൻജർ അമേരിക്കൻ അധികാരത്തിന്റെ കൊടിയടയാളമായി. റിച്ചാഡ് നിക്സൺ (1969-74), ജെറാൾ ഫോർഡ് (1974 -77) എന്നിവർ പ്രസിഡന്റായ കാലത്ത് ദേശീയ സുരക്ഷ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. ലോക രാഷ്ട്രീയ ക്രമത്തിന്റെ ചലനം നിർണയിക്കുന്ന ശക്തിയായി അമേരിക്കയെ പ്രതിഷ്ഠിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒപ്പം അദ്ദേഹത്തിന്റെ നയതന്ത്രം ലോകമെമ്പാടും യു.എസ് വിമർശകരെയും സൃഷ്ടിച്ചു.
ചിലിയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാൽവദോർ അലൻഡെയെ ആ രാജ്യത്തിന്റെ സൈനിക കമാൻഡറായിരുന്ന അഗസ്റ്റോ പിനോഷെയെ വെച്ച് അട്ടിമറിക്കാനുള്ള പദ്ധതി (1973) തയാറാക്കാൻ സി.ഐ.എക്ക് നിർദേശം നൽകിയത് കിസിഞ്ചറായിരുന്നു. ഇത്തരത്തിൽ അമേരിക്കയുടെ നിരവധി അട്ടിമറി-അധിനിവേശ പദ്ധതികൾക്ക് പിന്നിലെ ബുദ്ധിയായി കിസിൻജർ നിലകൊണ്ടു. വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ചതിന്റെ പേരിൽ സമാധാനത്തിനുള്ള നൊബേൽ ലഭിച്ചിട്ടുണ്ട്. യു.എസ് രാഷ്ട്രീയത്തെ ഇളക്കിമറിച്ച ‘വാട്ടർഗേറ്റ്’ സംഭവത്തിനുപിന്നാലെയാണ് കിസിഞ്ചറുടെ അധികാരത്തിന്റെ വ്യാപ്തി വർധിക്കുന്നത്. ജർമനിയിൽ 1923ൽ ജനിച്ച ജൂതവംശജനായ അദ്ദേഹം കൗമാരകാലത്താണ് കുടുംബത്തോടൊപ്പം യു.എസിലെത്തുന്നത്. പിൽക്കാലത്ത് അമേരിക്കയിലെ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഒരുപോലെ ഉപദേശ നിർദേശങ്ങൾ നൽകുന്ന നേതാവായി അദ്ദേഹം മാറി. ട്രംപിന്റെ കാലത്തും പല കാര്യങ്ങൾക്കുമായി ൈവറ്റ്ഹൗസിലെത്തുമായിരുന്നു. ‘കിസിൻജർ അസോസിയേറ്റ്സ്’ എന്ന സ്ഥാപനം വഴി പിൽക്കാലത്ത് കൺസൾട്ടിങ് രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. ഹാർവാഡ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം നയതന്ത്രചരിത്രവും അന്താരാഷ്ട്ര ബന്ധങ്ങളും ചർച്ച ചെയ്യുന്ന ഡസനിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കിസിൻജറുടെ നിര്യാണത്തിൽ നിരവധി ലോകനേതാക്കൾ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.