ഓഷ്വിറ്റ്സ് ക്യാമ്പ് തകർത്ത അവസാന സൈനികൻ ഡേവിഡ് ദുഷ്മാൻ വിടവാങ്ങി
text_fieldsബെർലിൻ: രണ്ടാം ലോക യുദ്ധാവസാനം ഓഷ്വിറ്റ്സിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പ് തകർത്ത സൈനികരിൽ അവസാനത്തെയാളായി വിശേഷിപ്പിക്കപ്പെട്ട ഡേവിഡ് ദുഷ്മാൻ വിടവാങ്ങി. സോവ്യറ്റ് റഷ്യയുടെ ടി-34 ടാങ്കുമായി ഓഷ്വിറ്റ്സിന്റെ വൈദ്യുതി വേലി തകർത്ത അദ്ദേഹം 'ഓഷ്വിറ്റ്സ് ഹീറോ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 98 വയസ്സായിരുന്നു.
ലോക യുദ്ധാനന്തരം ലോക പ്രശസ്ത ഫെൻസിങ് താരമായി മാറിയ ദുഷ്മാൻ 1945 ജനുവരി 27ന് വൈദ്യുതി വേലി തകർത്തതോടെയാണ് തടവുകാർ മോചിതരാകുന്നത്. ഓഷ്വിറ്റ്സിനെ കുറിച്ച് അറിവില്ലാതെയാണ് ജർമൻ നഗരത്തിൽ എത്തിയിരുന്നതെന്നും എന്നാൽ, അകത്തെത്തിയപ്പോൾ നിറയെ അസ്ഥികൂടങ്ങൾ കണ്ട് ഞെട്ടിയതായും പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു. അസ്ഥികൂടങ്ങൾക്കൊപ്പമിരുന്ന എല്ലും തോലുമായ തടവുകാരെയാണ് അന്ന് മോചിപ്പിച്ചത്. ജർമനിയിൽ ജൂതരുൾപെടെ ഏറ്റവും കൂടുതൽ തടവുകാർ കൊല്ലപ്പെട്ടത് ഓഷ്വിറ്റ്സ് ക്യാമ്പിലായിരുന്നുവെന്നാണ് ചരിത്രം. ഗ്യസ് ചേംബറുകളിലായിരുന്നു കൂട്ടക്കൊലയേറെയും നടന്നത്.
ഓഷ്വിറ്റ്സിൽ യുദ്ധത്തെ അതിജീവിച്ച 69 സോവ്യറ്റ് സൈനികരിൽ ഒരാളായ അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റിരുന്നു. രോഗം ഭേദമായി ഫെൻസിങ് ലോകത്ത് പ്രതിഭ പരീക്ഷിച്ച അദ്ദേഹം അറിയപ്പെട്ട പരിശീലകനായും ലോക ശ്രദ്ധ പിടിച്ചുപറ്റി. പ്രായമേറെ ചെന്നിട്ടും നാലു വർഷം മുമ്പുവരെ ഫെൻസിങ് പരിശീലകനായി പ്രാദേശിക തലത്തിൽ നിറഞ്ഞുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.