'യുക്രെയ്നിന്‍റെ ധീരമാർ' - പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് വൊളോദിമിർ സെലൻസ്കി
text_fieldsകിയവ്: റഷ്യയുടെ അധിനിവേശത്തിനിടെ പരിക്കേറ്റ യുക്രെയ്ന്‍ സൈനികരെ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആശുപത്രിയിലെത്തി സന്ദർശിച്ചു. സൈനികർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും നമ്മുടെ രാജ്യത്തിന്‍റെ വിജയമാണ് നിങ്ങൾക്ക് നൽകാനുള്ള മികച്ച സമ്മാനമെന്ന് താന്‍ വിശ്വസിക്കുന്നതായും സെലൻസ്കി അഭിപ്രായപ്പെട്ടു.
യുക്രെയ്ന്‍ സൈനികരുടെ ഇടപെടലിലൂടെ റഷ്യയുടെ യുദ്ധോപകരണങ്ങളുടെ 25 യൂണിറ്റുകൾ നശിപ്പിച്ചതായും 300 ഓളം റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് സെലെൻസ്കി 'യുക്രെയ്നിന്‍റെ ധീരമാർ' എന്ന പദവിയും മെഡലും നൽകി ആദരിച്ചു. സീനിയർ ലെഫ്റ്റനന്റായ ഹുട്സുൾ വൊളോദിമിർ ഒലസ്കന്ഡ്രോവിച്ചിനും സെലൻസ്കി ഈ പട്ടവും മെഡലും നൽകി ആദരിച്ചതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
സെലെൻസ്‌കിയുടെ ആശുപത്രി സന്ദർശനത്തിന്റെ ചിത്രങ്ങൾ യുക്രെയ്‌നിന്റെ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഏത് സൈനിക ആശുപത്രിയിലാണ് സെലൻസ്കി സന്ദർശനം നടത്തിയതെന്ന് കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. യുക്രെയ്നിയൻ പ്രസിഡന്റ് ആശുപത്രിയിൽ എത്തിയതിന്റെ വീഡിയോയും നിരവധി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സൈനികരെ സന്ദർശിച്ച സെലൻസ്കിയെ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേർ അഭിനന്ദിക്കുകയും മികച്ച നേതൃത്വമാണ് യുക്രെയ്നിന്‍റെ കരുത്തെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.