നമ്മൾ തമ്മിലടിക്കുമ്പോൾ ഹമാസ് ആഘോഷിക്കുന്നു, ഭിന്നത യുദ്ധത്തെ ബാധിക്കും -ഇസ്രായേൽ പ്രസിഡന്റ്
text_fieldsതെൽഅവീവ്: ഇസ്രായേലിലെ രാഷ്ട്രീയ നേതാക്കളും വിവിധ ഗ്രൂപ്പുകളും തമ്മിലുള്ള ഭിന്നതയും പരസ്പരവിദ്വേഷവും പരസ്യമാക്കി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. തമ്മിലടിക്കുന്നത് കാണുമ്പോൾ ഹമാസ് ആഘോഷിക്കുകയാണെന്നും രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും ഞായറാഴ്ച രാത്രി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
“നമ്മൾ അന്യോനം പോരടിക്കുന്നതും ഭിന്നിക്കുന്നതും കാണാൻ ശത്രു കാത്തിരിക്കുകയാണ്. ഇസ്രായേലികൾ പരസ്പരമുള്ള സംഘട്ടനങ്ങൾ, വാദപ്രതിവാദങ്ങൾ, ഈഗോ യുദ്ധം, രാഷ്ട്രീയ സംഘർഷം ഇവയൊക്കെ അവർ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഭിന്നത കാണുമ്പോൾ അവർ ആഘോഷിക്കുന്നു” -ഹെർസോഗ് പറഞ്ഞതായി ഇസ്രായേൽ മാധ്യമമായ ജറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേലികൾ തമ്മിലുള്ള ആഭ്യന്തര പോരാട്ടം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വാദപ്രതിവാദവും സംവാദങ്ങളും നമ്മുടെ ഡി.എൻ.എയുടെ ഭാഗമാണ്. വേണമെങ്കിൽ യുദ്ധസമയത്ത് പോലും തർക്കിക്കുകയും വിമർശിക്കുകയും ചെയ്യാം. പക്ഷേ, അതിനൊക്കെ അതിന്റേതായ ഒരു രീതിയുണ്ട്’ -ഹെർസോഗ് പറഞ്ഞു. ഓൺലൈനിൽ പരസ്പരം വിഷംവമിക്കരുതെന്നും 'നമ്മളും അവരും' എന്ന വിഭാഗീയത പ്രകടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ കൊല്ലപ്പെട്ട സൈനികരെയോർത്ത് ഹൃദയം വേദനയും ദുഃഖവും കൊണ്ട് വിറയ്ക്കുകയാണെന്നും ഹെർസോഗ് പറഞ്ഞു. സൈനികരുടെ ധീരതയേയും ത്യാഗത്തേയും രാജ്യം ഓർക്കുന്നു. അവർ ഉത്തരവാദിത്വത്തോടെയും ഉറച്ച തീരുമാനത്തോടെയുമാണ് പോരാടുന്നത്. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ച് വീട്ടിലെത്തിക്കുന്നത് വരെ നമുക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.