ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ വധിച്ചതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഹിസ്ബുല്ലയും ലബനാനും
text_fieldsതെൽ അവീവ്: ഹിസ്ബുല്ലയുടെ ആസ്ഥാനത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിലെ ഹിസ്ബുല്ല ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രായേൽ ആക്രമിച്ചത്. എന്നാൽ നസ്റുല്ല കൊല്ലപ്പെട്ടുവെന്ന വാർത്ത ഹിസ്ബുല്ല നേതൃത്വമോ ലബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.
ബൈറൂത്തിലെ ആക്രമണത്തിൽ ആറ് ബഹുനിലക്കെട്ടിടങ്ങളാണ് തകർന്നത്. സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യു.എൻ അറിയിച്ചു. യു.എസും ഫ്രാൻസുമുൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച 21 ദിനവെടിനിർത്തൽ നിർദേശത്തെ പാടെ നിരാകരിക്കുന്നതാണ് ഇസ്രായേൽ നടപടി. ഹിസ്ബുല്ലക്കെതിരെ ഒരാഴ്ചയായി ലബനാനിൽ തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് യു.എൻ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വ്യോമാക്രമണം.
നേരത്തെ 2006ൽ നടന്ന ഇസ്രായേൽ ആക്രമണത്തിലും നസ്റുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം നസ്റുല്ല വീണ്ടും പൊതുമധ്യത്തിൽ വരികയായിരുന്നു. 32 വർഷമായി ഹിസ്ബുല്ലയുടെ തലവനായി പ്രവർത്തിച്ചുവരുന്ന നേതാവാണ് നസ്റുല്ല. ഹിസ്ബുല്ല പരസ്യ പ്രസ്താവന നടത്താത്തിടത്തോളം ഇസ്രായേലിന്‍റേത് അവകാശവാദം മാത്രമാണെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി.
ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനിൽ ഇസ്രായേൽ പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ നടത്തി നിരവധിപേർ മരിച്ചിരുന്നു. ആക്രമണം ഞെട്ടിച്ചതായും തിരിച്ചടിക്കുമെന്നും ഹസൻ നസ്റുല്ല വ്യക്തമാക്കിയിരുന്നു. പിന്നാലെ തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒറ്റദിവസം അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല തലവനെ തന്നെ ലക്ഷ്യമിട്ട് തെക്കൻ ബൈറൂത്തിലെ ദഹിയയിൽ ഇസ്രായേൽ കനത്ത മിസൈൽ ആക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.