ലബനാനിൽ കരയാക്രമണം തുടങ്ങിയെന്ന സയണിസ്റ്റ് വാദം തെറ്റ്; ഇസ്രായേലിനെ തള്ളി ഹിസ്ബുല്ല
text_fieldsബെയ്റൂത്ത്: ലബനാനിൽ കരയാക്രമണം തുടങ്ങിയെന്ന ഇസ്രായേൽ വാദം തള്ളി ഹിസ്ബുല്ല. അൽ ജസീറയോടാണ് ഹിസ്ബുല്ല പ്രതിനിധിയുടെ പ്രതികരണം. ലബനാനിലേക്ക് എത്തിയെന്ന സയണിസ്റ്റ് അവകാശവാദങ്ങൾ തെറ്റാണെന്ന് ഹിസ്ബുല്ല മീഡിയ റിലേഷൻസ് ഒഫീഷ്യൽ മുഹമ്മദ് അഫീഫ് പറഞ്ഞു.
ഇതുവരെ ഹിസ്ബുല്ലയും ഇസ്രായേൽസേനയും തമ്മിൽ കരയിലെ പോരാട്ടം തുടങ്ങിയിട്ടില്ല. ലബനാനിലേക്ക് ശത്രു കടക്കാൻ ശ്രമിച്ചാൽ അതിനെ നേരിടാൻ ഹിസ്ബുല്ലയുടെ പോരാളികൾ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതിർത്തി മേഖലകളിലേക്ക് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചു. 2006ന് ശേഷം ആദ്യമായാണ് ഇസ്രായേൽ ലബനാനിൽ കരയുദ്ധത്തിലേർപ്പെടുന്നത്.ഇസ്രായേൽ ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് സൂചനകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലബനാൻ അതിർത്തി മേഖലയിൽ ഇസ്രായേൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു.
കരയുദ്ധം ഉടൻ ആരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവർത്തിച്ചതിന് പിന്നാലെയാണ് സൈന്യം ലബനാൻ മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് അവകാശപ്പെട്ട് ഇസ്രായേൽ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.