വടക്കൻ ഇസ്രായേലിൽ റോക്കറ്റാക്രമണം കടുപ്പിച്ച് ഹിസ്ബുല്ല
text_fieldsജറൂസലം: വടക്കൻ ഇസ്രായേലിലെ ഹൈഫയിലും ഗലീലിയിലും ഹിസ്ബുല്ലയുടെ കനത്ത റോക്കറ്റാക്രമണം. ഹിസ്ബുല്ല ഉപമേധാവി നഈം ഖാസിം നടത്തിയ ടെലിവിഷൻ അഭിസംബോധനക്ക് തൊട്ടുപിറകെയാണ് നൂറിലധികം റോക്കറ്റുകൾ ഈ പ്രദേശങ്ങൾ ലക്ഷ്യമിട്ടെത്തിയത്. അഞ്ചെണ്ണം ഹൈഫയിലും ക്രയോട്ടിലും പതിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന് നാശം സംഭവിച്ചു.
ലബനാൻ അതിർത്തിയിൽ ഇസ്രായേൽ കരസേനാനീക്കം നടക്കുന്ന പ്രദേശത്തുനിന്നായിരുന്നു ആക്രമണം. ഇസ്രായേലിലേക്ക് കൂടുതൽ ആക്രമണം നടത്തുമെന്നും വടക്കൻ ഇസ്രായേലിൽനിന്ന് കൂടുതൽ പേർ ഒഴിഞ്ഞുപോകാൻ നിർബന്ധിതരാകുമെന്നും ഹിസ്ബുല്ല നേതാവ് നഈം ഖാസിം പറഞ്ഞു. ‘തങ്ങളുടെ പോരാട്ടവീര്യം ഇപ്പോഴും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നേതാക്കൾക്ക് പകരക്കാർ ചുമതലയേറ്റു കഴിഞ്ഞു.
ഹസൻ നസ്റുല്ലയുടെ പിൻഗാമിയെ കണ്ടെത്താൻ ഉടൻ വോട്ടെടുപ്പ് നടക്കും. അമേരിക്ക ഇസ്രായേലിന് പിന്തുണയുമായി ഉണ്ടായിരുന്നില്ലെങ്കിൽ എന്നേ ആ രാജ്യം തകർന്നുവീണേനെ’യെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അതിർത്തി കടക്കാൻ ശ്രമിച്ച ഇസ്രായേൽ സൈനികരെ തുരത്തിയതായും ആളപായം വരുത്തിയതായും ഹിസ്ബുല്ല അവകാശപ്പെട്ടു. ബൈറൂത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ സുഹൈൽ ഹുസൈനിയെ വധിച്ചതായി ഇസ്രായേൽ സൈന്യവും അവകാശപ്പെട്ടു.
ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. ബൈറൂത്തിൽ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ദാഹിലയിൽ ചൊവ്വാഴ്ചയും ഇസ്രായേൽ സൈന്യം ആക്രമണം നടത്തി. അതിനിടെ, ചൊവ്വാഴ്ച മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ബോംബിങ്ങിൽ 17 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ, ഗസ്സയിൽ 56 പേരാണ് ഇസ്രായേൽ കുരുതിക്കിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.