ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല; ഒഴിഞ്ഞുമാറി ഇസ്രായേൽ
text_fieldsതെൽഅവീവ്: റഫ ആക്രമണം തുടങ്ങിയതോടെ കൂടുതൽ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ലബനാനിലെ ഹിസ്ബുല്ല. നേരത്തെ റോക്കറ്റാക്രമണമായിരുന്നു കാര്യമായി നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉപയോഗിച്ച് കൃത്യതയുള്ള ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങൾ തടുക്കാൻ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ലബനാനിൽ വ്യോമാക്രമണം നടത്തി തിരിച്ചടിക്കുന്നുണ്ടെങ്കിലും ഹിസ്ബുല്ലയുമായി പൂർണ യുദ്ധത്തിലേക്ക് പോവാതിരിക്കാൻ ഇസ്രായേലിന് താൽപര്യമില്ല. ഹിസ്ബുല്ലയുമായി നീണ്ടുനിൽക്കുന്ന, ഇരുപക്ഷത്തിനും കനത്ത നാശം സംഭവിക്കുന്ന രൂക്ഷയുദ്ധം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
ഗസ്സയിൽ തന്നെ യുദ്ധലക്ഷ്യങ്ങൾ നേടാൻ കഴിയാതെയും ഹമാസിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടും സമ്മർദ്ദത്തിലാണ് ഇസ്രായേൽ. ഒരേസമയം, ഒന്നിലധികം യുദ്ധമുഖം തുറക്കാൻ അവർ താൽപര്യപ്പെടുന്നില്ല. 2006ൽ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടി തിരിച്ചടി നേരിട്ട അനുഭവവുമുണ്ട്. അന്നത്തേതിനേക്കാർ മികച്ച സന്നാഹം ഇപ്പോൾ ഹിസ്ബുല്ലക്കുണ്ട്. ഇറാന്റെ പിന്തുണ അവർക്ക് കരുത്ത് നൽകുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഇസ്രായേലിന്റെ ആത്മവിശ്വാസക്കുറവായി വിലയിരുത്തുന്നുണ്ട്.
ദീർഘകാല യുദ്ധത്തിന് തയാർ -ഹമാസ്
ഗസ്സ: റഫയിലും ഗസ്സയുടെ മറ്റു ഭാഗങ്ങളിലും അധിനിവേശ സേനക്കെതിരെ പോരാട്ടം തുടരുമെന്നും ദീർഘകാല പോരാട്ടത്തിന് സന്നദ്ധമാണെന്നും ഹമാസ് അറിയിച്ചു. ഹമാസിന്റെ സൈനികവിഭാഗമായ അൽഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ സൈന്യത്തിന് ഗസ്സ നരകമാകും. തങ്ങൾ വലിയ സൈനിക ശക്തിയായതുകൊണ്ടല്ല, സ്വന്തം മണ്ണും ആകാശവും അഭിമാനവും സംരക്ഷിക്കാൻ ഏതറ്റംവരെയും പോരാടാനുള്ള നിശ്ചയദാർഢ്യമാണ് കരുത്തുനൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ 100 സൈനിക വാഹനങ്ങളെ ആക്രമിച്ചുവെന്നും ഇസ്രായേൽ സൈന്യം നാശനഷ്ടം മറച്ചുവെക്കുകയാണെന്നും അബൂ ഉബൈദ അവകാശപ്പെട്ടു. അതിനിടെ ഗസ്സയിൽ അമേരിക്ക നിർമിക്കുന്ന താൽക്കാലിക തുറമുഖം അവരുടെ വൃത്തികെട്ട ഇരട്ടമുഖം മറച്ചുവെക്കാനുള്ള പ്രചാരണ തന്ത്രമാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.