ഗസ്സ യുദ്ധം തുടങ്ങിയതിന് ശേഷം ഇസ്രായേലിന് നേരെ ഏറ്റവും ശക്തമായ ആക്രമണവുമായി ഹിസ്ബുല്ല
text_fieldsതെൽ അവീവ്: ഗസ്സ യുദ്ധത്തിന് ശേഷം ഇസ്രായേലിന് നേരെ ഏറ്റവും ശക്തമായ ആക്രമണവുമായി ഹിസ്ബുല്ല. വടക്കൻ ഇസ്രായേൽ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ആക്രമണത്തോടെ മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
ലെബനാനിലെ പ്രദേശങ്ങൾക്ക് നേരെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേലും ആക്രമണം തുടങ്ങിയിട്ടുണ്ട്. 290ഓളം റോക്കറ്റുകൾ കഴിഞ്ഞ ദിവസം ലെബനാൻ ലക്ഷ്യമാക്കി തൊടുത്തുവെന്നാണ് ഇസ്രായേൽ പ്രതിരോധസേന അവകാശപ്പെടുന്നത്. പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ലെബനാനിൽ നിന്നും തൊടുത്ത പത്തോളം റോക്കറ്റുകൾ ഇസ്രായേലിലെത്തിയെന്നും പ്രതിരോധ സേന വ്യക്തമാക്കി. മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് ടെലിഗ്രാം ചാനലിലൂടെ ആക്രമണം നടത്തിയ വിവരം ഹിസ്ബുല്ല അറിയിച്ചത്. ഹൈഫക്കടുത്ത റാമത് ഡേവിഡ് എയർബേസ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലെബനാനിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് നൽകിയതെന്നും ഹിസ്ബുല്ല അറിയിച്ചു.
പേജർ, വാക്കി ടോക്കി പൊട്ടിത്തെറികളെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും എന്നാൽ, ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് എന്തും ചെയ്യുമെന്നും സുരക്ഷ സമിതി യോഗത്തിന് മുന്നോടിയായി യു.എന്നിലെ ഇസ്രായേൽ നയതന്ത്ര പ്രതിനിധി ഡാനി ഡാനൻ വ്യക്തമാക്കി. വ്യാപക ആക്രമണങ്ങളിൽ ഇസ്രായേലിന് താൽപര്യമില്ല. എന്നാൽ, പ്രകോപനം തുടരാൻ ഹിസ്ബുല്ലയെ അനുവദിക്കില്ല. ഹിസ്ബുല്ലയുടെ ആക്രമണം കാരണം ഉത്തര മേഖലയിൽനിന്ന് ഒഴിഞ്ഞുപോകേണ്ടിവന്ന 60,000 പേരെ തിരിച്ചുകൊണ്ടുവരാൻ ഇസ്രായേൽ എന്ത് നടപടിയും സ്വീകരിക്കുമെന്നും ഡാനൻ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.