ഹിസ്ബുല്ല പേജർ ഓപറേഷൻ: മലയാളി റിൻസൺ ജോസിനെ ഇസ്രായേൽ ഒളിപ്പിച്ചു
text_fieldsലബനീസ് സായുധ സംഘമായ ഹിസ്ബുല്ലക്കു നേരെ ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിൽ ആരോപണ വിധേയനായ മലയാളി റിൻസൺ ജോസ് ഇപ്പോൾ എവിടെ? സെപ്റ്റംബർ 17ലെ ആക്രമണത്തിനു ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതായ റിൻസൺ ജോസിനെ ഇസ്രായേൽ അവരുടെ നയതന്ത്ര ബന്ധങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടുത്തി ഒളിപ്പിച്ചുവെന്നാണ് സൂചന.
ഞായറാഴ്ച ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് റിൻസണിന്റെ നിഗൂഢ ബന്ധങ്ങൾ സംബന്ധിച്ച വ്യക്തമായ സൂചനകൾ നൽകുന്നു. സംഭവത്തിന് ശേഷം യു.എസിൽനിന്ന് മാറ്റിയ റിൻസൺ ഇപ്പോൾ ഒരു ‘സുരക്ഷിത കേന്ദ്രത്തി’ലാണ് ഉള്ളതെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ ‘ന്യൂയോർക് ടൈംസി’നോട് പറഞ്ഞു. വയനാട്ടിൽനിന്ന് 10 വർഷം മുമ്പ് നോർവേയിലേക്ക് കുടിയേറി അവിടത്തെ പൗരത്വം നേടിയ റിൻസൺ ജോസ് ഒരുവർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്.
ഹിസ്ബുല്ലയുടെ പ്രധാന വിനിമയ ഉപാധിയായ പേജർ ശൃംഖലയെ ആക്രമിക്കാനുള്ള പദ്ധതിയിൽ അറിഞ്ഞോ അറിയാതെയോ റിൻസൺ പങ്കാളിയായിരുന്നുവെന്നുതന്നെയാണ് ന്യൂയോർക് ടൈംസ് നൽകുന്ന സൂചന.
യഥാർഥത്തിൽ 2018ലാണ് ഹിസ്ബുല്ലയുടെ പേജർ സംവിധാനം ആക്രമിക്കാൻ ഇസ്രായേൽ ആദ്യം ആലോചിക്കുന്നത്. മൊസാദിലെ ഒരു വനിത ഉദ്യോഗസ്ഥയാണ് ഇതുസംബന്ധിച്ച പ്രാഥമിക പദ്ധതി തയാറാക്കിയത്. ആറുവർഷത്തിനു ശേഷം പ്രാവർത്തികമായതുപോലെ പേജറിന്റെ ബാറ്ററിയിൽ സ്ഫോടക വസ്തു സ്ഥാപിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്റലിജൻസ് കമാൻഡർമാർ ഈ പദ്ധതി പരിശോധിച്ചെങ്കിലും വിവിധ പ്രായോഗിക കാരണങ്ങളാൽ അന്ന് പച്ചക്കൊടി കാട്ടിയില്ല. നാലുവർഷത്തിനു ശേഷം 2022ലാണ് പദ്ധതി പൊടിതട്ടിയെടുത്തത്. ഇസ്രായേൽ ചാരസംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കയാൽ അപ്പോഴേക്കും മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ഹിസ്ബുല്ലയുടെ വിനിമയ സംവിധാനം ഏതാണ്ട് പൂർണമായി പേജറിലേക്ക് മാറിയിരുന്നു.
ഉറവിടങ്ങൾ സമർഥമായി മറച്ച ഷെൽ കമ്പനികൾ വഴി ഹിസ്ബുല്ലക്ക് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച പേജറുകൾ വിൽക്കാനായിരുന്നു ഇസ്രായേലിന്റെ പദ്ധതി. മുൻനിര പേജർ കമ്പനിയായ തായ്വാനിലെ ഗോൾഡ് അപ്പോളോയെയാണ് ഇതിനായി ഇസ്രായേൽ ആദ്യം ഉന്നമിട്ടത്.
ഭൂഖണ്ഡങ്ങൾ കടന്ന ഓപറേഷന്റെ ഭാഗമായി 2022 മേയിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ബി.എ.സി കൺസൽട്ടിങ് എന്നൊരു കമ്പനി സ്ഥാപിക്കപ്പെട്ടു. ഒരുമാസത്തിനു ശേഷം ബൾഗേറിയയിലെ സോഫിയയിൽ നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്നൊരു കമ്പനിയും രജിസ്റ്റർ ചെയ്യപ്പെട്ടു. റിൻസൺ ജോസിന്റെ പേരിലായിരുന്നു ഈ കമ്പനി.
പുതിയ മോഡൽ പേജറുകൾ (എ.ആർ -924) നിർമിക്കാനുള്ള ലൈസൻസ് ഗോൾഡ് അപ്പോളോയിൽനിന്ന് ബുഡാപെസ്റ്റിലെ ബി.എ.സി കൺസൽട്ടിങ് ഇതിനകം സമ്പാദിച്ചു.
നിലവിൽ ഗോൾഡ് അപ്പോളോ നിർമിക്കുന്ന പേജറുകളേക്കാൾ വലുപ്പമേറിയതായിരുന്നു പുതിയ മോഡൽ. പക്ഷേ, വാട്ടർ പ്രൂഫ് സംവിധാനം, നീണ്ട ബാറ്ററി ലൈഫ് എന്നീ ഗുണങ്ങളാണ് ബി.എ.സി ‘വാഗ്ദാനം’ ചെയ്തത്. പേജറുകളുടെ നിർമാണം മൊസാദിന്റെ മേൽനോട്ടത്തിൽ ഇസ്രായേലിലായിരുന്നു. മൊസാദ് ഏർപ്പാടാക്കിയ ഇടനിലക്കാരും ഏജന്റുമാരുമാണ് ഹിസ്ബുല്ലയുമായി പേജർ ഇടപാടിൽ സംസാരിച്ചത്. ഇവിടെയാണ് റിൻസൺ ജോസിന്റെ കമ്പനിയുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. വൻതോതിൽ വാങ്ങുകയാണെങ്കിൽ ആദായ നിരക്കിൽ നൽകാമെന്ന് അവർ ഹിസ്ബുല്ലയോട് അറിയിച്ചു.
ഈ ചർച്ചകൾ നടക്കുമ്പോൾ, 2023 മാർച്ചിൽ സ്ഫോടക വസ്തു ഘടിപ്പിക്കാത്ത ഒരു പേജർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ മൊസാദ് കാണിച്ചിരുന്നു. പേജറിന്റെ ദൃഢതയിൽ നെതന്യാഹു സംശയിച്ചു. ഇത് പെട്ടെന്ന് പൊട്ടിപ്പോകില്ലേയെന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയയയോട് നെതന്യാഹു ചോദിച്ചു.
ഒന്നും സംഭവിക്കില്ലെന്ന് ബാർണിയ മറുപടി നൽകി. തൃപ്തനാകാത്ത നെതന്യാഹു കസേരയിൽനിന്ന് എഴുന്നേറ്റ് പേജർ ചുവരിലേക്ക് ആഞ്ഞെറിഞ്ഞു. ചുവരിൽ വിള്ളൽ വീണെങ്കിലും പേജറിന് ഒന്നും സംഭവിച്ചില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ പേജറിന്റെ ആദ്യ ബാച്ച് ഹിസ്ബുല്ലക്ക് കൈമാറപ്പെട്ടു. ഹിസ്ബുല്ലയുമായി ഉണ്ടാകാനിരിക്കുന്ന യുദ്ധത്തിലെ അതിനിർണായക ഘട്ടത്തിൽ ഉപയോഗിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഓപറേഷൻ മൊത്തം നടത്തിയത്. അതിനിടയിലാണ് സെപ്റ്റംബർ 11ന് ഇസ്രായേലി ചാരസംവിധാനത്തിന് ഒരു വിവരം ലഭിക്കുന്നത്.
പേജറിൽ എന്തോ സംശയം തോന്നിയ ഹിസ്ബുല്ല ഏതാനും ഡിവൈസുകൾ വിദഗ്ധ പരിശോധനക്കായി ഇറാനിലേക്ക് അയച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ പദ്ധതി പാളും. അങ്ങനെയാണ് ആറുദിവസത്തിനു ശേഷം സെപ്റ്റംബർ 17ന് വൈകീട്ട് 3.30ന് പേജറുകളിൽ സ്ഫോടനം സംഭവിക്കുന്നത്.
ലബനാനിൽ പേജറുകൾ പൊട്ടിത്തെറിക്കുമ്പോൾ യു.എസിലെ ബോസ്റ്റണിൽ ടെക്നോളജി കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു റിൻസൺ ജോസ്. ദിവസങ്ങൾക്കുള്ളിൽ ജോസിന്റെയും കമ്പനിയുടെയും പങ്കാളിത്തം സംബന്ധിച്ച് വാർത്തകൾ വരാൻ തുടങ്ങി. യു.എസിലുള്ള റിൻസൺ ജോസിനെ തിരിച്ചെത്തിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നോർവേ സർക്കാർ അറിയിച്ചു. അതോടെ ഇസ്രായേൽ രംഗത്തിറങ്ങി. യു.എസ് ഭരണകൂടത്തിൽ സമ്മർദം ചെലുത്തി നോർവേയിലേക്ക് മടങ്ങിപ്പോകാതെ റിൻസൺ യു.എസ് വിടുമെന്ന് ഉറപ്പാക്കി. ഇസ്രായേലി, യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വിവരം ന്യൂയോർക് ടൈംസ് പുറത്തുവിട്ടത്.
റിൻസൺ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാക്കാൻ ഇസ്രായേൽ തയാറായിട്ടില്ല. ഒരു ‘സുരക്ഷിത കേന്ദ്ര’ത്തിലാണ് റിൻസൺ ഉള്ളതെന്നു മാത്രം മുതിർന്ന ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥൻ ന്യൂയോർക് ടൈംസിനോട് പറഞ്ഞു.
ഇസ്രായേലി സർക്കാറിലും മൊസാദിലും വിപുല ബന്ധങ്ങളുള്ള റോനൻ ബെർഗ്മാന്റെ നേതൃത്വത്തിലുള്ള മാധ്യമപ്രവർത്തക സംഘമാണ് ‘പേജർ ഓപറേഷൻ’ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.