ലബനാനിൽ കരയുദ്ധത്തിനിടെ 55 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല; ‘പോരാട്ടം ശക്തമാക്കും, വരും ദിവസങ്ങളിൽ വ്യക്തമാകും’
text_fieldsബൈറൂത്ത്: ലബനാനിൽ ഇസ്രായേൽ സൈന്യവുമായുള്ള പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുല്ല. ഒക്‌ടോബർ ഒന്നിന് തുടങ്ങിയ ഇസ്രായേൽ കരയാക്രമണത്തിനിടെ ഇതുവരെ ഏകദേശം 55 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും 500ലധികം സൈനികരെ പരിക്കേൽപ്പിച്ചതായും ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു.
‘ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുല്ല പോരാളികൾ പുതിയ തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. അത് വരും ദിവസങ്ങളിൽ വ്യക്തമാകും’ -ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രായേലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറാണ്. റോക്കറ്റാക്രമണം കൂടുതൽ ശക്തമായി തുടരും. അടുത്തിടെ നടന്ന പോരാട്ടത്തിൽ 20 ഇസ്രായേലി മെർക്കാവ ടാങ്കുകളും നാല് സൈനിക ബുൾഡോസറുകളും രണ്ട് നിരീക്ഷണ ഡ്രോണുകളും നശിപ്പിച്ചതായും ഹിസ്ബുല്ല അറിയിച്ചു.
അതിനിടെ, ഇന്നലെ ലബനാനിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ അറിയിച്ചു. ഹിസ്ബുല്ല ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സൈനികർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നത്. മേജർ ഒഫെക് ബച്ചാർ, ക്യാപ്റ്റൻ എലാദ് സിമാൻ, സ്ക്വാഡ് ലീഡർ എൽയാഷിഫ് ഐറ്റൻ വിഡെർ, സ്റ്റാഫ് സെർജന്റ് യാകോവ് ഹിലേൽ, യെഹുദാഹ് ദ്രോറർ യഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അറിയിച്ചു.
ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഓഫിസർക്കും രണ്ട് സൈനികർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ലബനാനിൽ നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധിനിവേശ സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.