ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ല ആക്രമണം; നാലു സൈനികർ കൊല്ലപ്പെട്ടു, 60 പേർക്ക് പരിക്ക്
text_fieldsതെൽഅവീവ്: ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇസ്രായേൽ പ്രതിരോധ സേനയിലെ നാലു സൈനികർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്ക്. നോർത്ത്-സെൻട്രൽ ഇസ്രായേലിലെ ബിന്യാമിനയിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം.
ഡ്രോൺ ഉപയോഗിച്ചാണ് ഹിസ്ബുല്ല സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന എക്സിലൂടെ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ അപ്പർ ഗലീലി, സെൻട്രൽ ഗലീലി, വെസ്റ്റേൺ ഗലീലി, ഹൈഫ ബേ, കാർമൽ എന്നിവടങ്ങളിൽ അപായ മുന്നറിയിപ്പ് നൽകി. പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആക്രമണത്തെ നേരിട്ടതായി ഇസ്രായേൽ സേന അറിയിച്ചു.
ഞായറാഴ്ച, തെക്കൻ ലബനനിലെ ഇസ്രായേൽ സൈനികർക്ക് നേരെ ടാങ്ക് വേധ മിസൈലുകൾ ഹിസ്ബുല്ല തൊടുത്തുവിട്ടിരുന്നു. ആക്രമണത്തിൽ രണ്ട് സൈനികർക്ക് ഗുരുതര പരിക്കും നിരവധി സൈനികർക്ക് നിസാര പരിക്കുമേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.
ശനിയാഴ്ച തെക്കൻ ലെബനാനിലെ നബാത്ത് നഗരത്തിലെ പ്രധാന മാർക്കറ്റിൽ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ എട്ടു പേർക്ക് സാരമായ പരിക്കേറ്റിരുന്നു.
അതേസമയം, ലബനാനിൽ ഒരു മാസത്തിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 1,645ലധികം പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയും ഇസ്രായേൽ സേനയും തമ്മിലുള്ള ഒരു വർഷമായി തുടരുന്ന പോരാട്ടത്തിൽ 2,255 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ഇസ്രായേൽ ആക്രമണങ്ങളിൽ 42,175 പേർ കൊല്ലപ്പെടുകയും 98,336 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.