പേജർ ആക്രമണം: ഉത്തരവാദി ഇസ്രായേൽ, തിരിച്ചടിക്കും –ഹിസ്ബുല്ല
text_fieldsജറൂസലം: ലബനാൻ ആസ്ഥാനമായ ഹിസ്ബുല്ലയും ഇസ്രായേലും തമ്മിൽ തുടരുന്ന ഏറ്റുമുട്ടൽ യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് പേജർ ആക്രമണം നൽകുന്നത്. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ശത്രുവായ ഇസ്രായേലിനാണെന്നും അപ്രതീക്ഷിത തിരിച്ചടി നൽകുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. ആക്രമണത്തിന്റെ പിന്നിൽ ഇസ്രായേലാണെന്ന് ലബനാൻ ഭരണകൂടവും ആരോപിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നജീബ് മികാതി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു. ലബനാന്റെ പരമാധികാരത്തിന്റെ ഗുരുതര ലംഘനമാണിതെന്നും സകല മാനദണ്ഡങ്ങൾ പ്രകാരവും കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞതായി സർക്കാർ മാധ്യമമായ എൻ.എൻ.എ റിപ്പോർട്ട് ചെയ്തു. പേജർ പൊട്ടിത്തെറിച്ച് ആയിരങ്ങൾക്ക് പരിക്കേറ്റതിനെക്കുറിച്ച് യു.എന്നിൽ പരാതിപ്പെടുമെന്ന് ലബനാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ആക്രമണം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ ശക്തമായി അപലപിച്ച ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ്, ഇസ്രായേലിന്റേത് യുദ്ധക്കുറ്റമാണെന്നും ഹിസ്ബുല്ല കനത്ത തിരിച്ചടി നൽകുമെന്നും വ്യക്തമാക്കി.
ഹിസ്ബുല്ലക്കെതിരെ യുദ്ധം ശക്തമായി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ തിങ്കളാഴ്ച വൈകീട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേജർ ആക്രമണം. കഴിഞ്ഞ വർഷം ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷമാണ് ഇസ്രായേലുമായി ഹിസ്ബുല്ല ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. തുടർന്ന് ലബനാനുമായി അതിർത്തി പങ്കിടുന്ന ഉത്തര മേഖലയിൽനിന്ന് 60,000ത്തോളം ഇസ്രായേൽ പൗരന്മാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടിവന്നിരുന്നു. സ്വന്തം വീടുകളിലേക്ക് ഇവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുകയാണ് ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിന്റെ ലക്ഷ്യമെന്നും ഇസ്രായേൽ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പരിക്കേറ്റ ലബനാനിലെ ഇറാന്റെ സ്ഥാനപതി മൊജ്തബ അമാനി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇറാൻ സ്ഥാനപതി കാര്യാലയത്തിലെ രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ തലസ്ഥാനമായ തെഹ്റാനിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിന് തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏത് ഘട്ടത്തിലും ഇറാന്റെ ആക്രമണമുണ്ടാകാനുള്ള സാധ്യത നിലനിൽക്കവേയാണ് സ്ഥാനപതിയും പേജർ ആക്രമണത്തിന് ഇരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.