ലബനാനിൽ ഹിസ്ബുല്ല കമാൻഡറെ വധിച്ചതായി ഇസ്രായേൽ
text_fieldsബൈറൂത്ത്: ലബനാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡറെ വധിച്ചതായി ഇസ്രായേൽ. ഹിസ്ബുല്ലയുടെ ബിന്ദ് ജെബയിൽ ഏരിയ കമാൻഡർ അഹമ്മദ് ജാഫർ മഅത്തൂക്ക് ആണ് കൊല്ലപ്പെട്ടത്. ഐ.ഡി.എഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) ഔദ്യോഗിക എക്സ് പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.
ഹിസ്ബുല്ലയുടെ ബിന്ദ് ജെബയിൽ ഏരിയയിലെ പീരങ്കി വിഭാഗം തലവനെ ഐ.ഡി.എഫ് കഴിഞ്ഞ ദിവസം വധിച്ചിരുന്നതായും ഐ.ഡി.എഫ് വ്യക്തമാക്കി. തെക്കൻ ലബനാനിലുള്ള ഇസ്രായേൽ സിവിലിയന്മാർക്കും ഐ.ഡി.എഫ് സൈനികർക്കും നേരെ ടാങ്ക് വേധ മിസൈലുകൾ വിക്ഷേപിക്കുന്ന മൂന്നു പേരെയാണ് വധിച്ചതെന്നും ഐ.ഡി.എഫ് അവകാശപ്പെടുന്നു.
അതേസമയം, അഹമ്മദ് ജാഫർ മഅത്തൂക്കിനെ വധിച്ച വാർത്തയെ കുറിച്ച് ഹിസ്ബുല്ല പ്രതികരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, ഒക്ടോബർ 25ന് ലബനാനിൽ മനുഷ്യക്കുരുതിക്ക് ഇറങ്ങിയ അഞ്ച് ഇസ്രായേൽ അധിനിവേശ സേനാംഗങ്ങളെ ഹിസ്ബുല്ല വധിച്ചിരുന്നു. തെക്കൻ ലബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് റിസർവ് സൈനികർ കൊല്ലപ്പെട്ടത്. 19 സൈനികർക്ക് പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.
ലബനാനിൽ കരയുദ്ധം ആരംഭിച്ചതു മുതൽ കടുത്ത തിരിച്ചടിയാണ് ഇസ്രായേൽ സേന നേരിടുന്നത്. 70ലധികം ഇസ്രായേൽ സൈനികരെ വധിച്ചതായി ഹിസ്ബുല്ല അറിയിച്ചിരുന്നു. വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല ആക്രമണത്തിൽ 30ഓളം സൈനികരും കരയുദ്ധം ആരംഭിച്ച ശേഷം ലബനാനിൽ 20ഓളം സൈനികരും കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു.
ഒക്‌ടോബർ 7ന് ശേഷം മൊത്തം 757 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായാണ് ഐ.ഡി.എഫ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.