‘ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും’; രക്ഷയില്ലാതെ തെരുവിലിറങ്ങി പോർച്ചുഗലിലെ ജനങ്ങൾ
text_fieldsവർധിച്ചുവരുന്ന ജീവിതച്ചെലവിലും ഉയർന്ന പണപ്പെരുപ്പത്തിലും പ്രതിഷേധിച്ച് ശനിയാഴ്ച പോർച്ചുഗലിലെ ലിസ്ബണിൽ തെരുവിലിറങ്ങിയത് ആയിരക്കണക്കിന് ആളുകൾ. ഉയർന്ന പണപ്പെരുപ്പം കാരണം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ജനം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ആവശ്യപ്പെട്ടാണ് തെരുവിലിറങ്ങിയത്.
പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. സർക്കാർ കണക്കുകൾ പ്രകാരം, രാജ്യത്തെ 50 ശതമാനത്തിലധികം തൊഴിലാളികളും കഴിഞ്ഞ വർഷം പ്രതിമാസം 1,000 യൂറോയിൽ (1,054.60 ഡോളർ) താഴെയാണ് സമ്പാദിച്ചത്. പ്രതിമാസത്തെ കുറഞ്ഞ വേതനം 760 യൂറോയാണ്.
2022-ൽ പോർച്ചുഗലിൽ വീടുകളുടെ വിലയിൽ 18.7 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്നതാണ്. കൂടാതെ വാടകയും ഗണ്യമായി വർധിച്ചു. കുറഞ്ഞ വേതനവും ഉയർന്ന വാടകയും ലിസ്ബണിനെ ലോകത്തെ ഏറ്റവും ജീവനയോഗ്യമല്ലാത്ത മൂന്നാമത്തെ നഗരമാക്കി മാറ്റിയതായി ഇൻഷുറൻസ് ബ്രോക്കർമാരായ CIA ലാൻഡ് ലോർഡ്‌സിന്റെ പഠനത്തിൽ പറയുന്നു.
പോർച്ചുഗലിന്റെ 8.3 ശതമാനം വരുന്ന പണപ്പെരുപ്പ നിരക്ക് പ്രശ്നം രൂക്ഷമാക്കുകയും ചെയ്തു. അതേസമയം, ഏകദേശം 20 ശതമാനം പോർച്ചുഗീസുകാരും വിദേശത്താണ് താമസിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.
‘ഒരു ദിവസം ലിസ്ബണിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നഗരത്തിലെ ഉയർന്ന വാടക കാരണം തൽക്കാലത്തേക്ക് പുറത്ത് ജീവിക്കേണ്ടിവരികയാണെ’ന്ന് 26 കാരനായ പ്രോഗ്രാമർ വിറ്റർ ഡേവിഡ് പറഞ്ഞു. 'ഫെയർ ലൈഫ്' എന്ന സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡേവിഡ്. ‘‘ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ഘട്ടത്തിലേക്കാണ് നമ്മൾ എത്തിപ്പെട്ടിരിക്കുന്നത്. സമ്പന്നമായ ഒരു യൂറോപ്യൻ രാജ്യത്തേക്ക് മാറുന്നതിനെക്കുറിച്ച് ഞാൻ ഇതിനകം ആലോചിച്ചു കഴിഞ്ഞു. ഇവിടെ വളരെ ബുദ്ധിമുട്ടാണ്’’. -ഡേവിഡ് കൂട്ടിച്ചേർത്തു.
ലിസ്ബണിന്റെ ദരിദ്ര പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ തുടക്കമിട്ട പ്രസ്ഥാനമാണ് 'ഫെയർ ലൈഫ്'. പണപ്പെരുപ്പം കുതിച്ചുയരുന്നതിന് മുമ്പ് തന്നെ ഏറ്റവും ദുർബല വിഭാഗമായിരുന്ന തങ്ങളെയാണ് നിലവിലെ ‘ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധി’ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് അവർ പറയുന്നു. ഉയർന്ന വേതനം, അവശ്യസാധനങ്ങളുടെ വില നിയന്ത്രണം, ഭവനനിർമ്മാണത്തിൽ സർക്കാർ നടപടി എന്നിവയാണ് അവർ ആവശ്യപ്പെടുന്നത്.
അതേസമയം, പാർപ്പിട പ്രതിസന്ധിയെ നേരിടാൻ പോർച്ചുഗൽ കഴിഞ്ഞയാഴ്ച ചില പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ജനങ്ങൾ തൃപ്തരല്ല. സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി ഒക്ടോബറിൽ സർക്കാർ അവതരിപ്പിച്ച ഡിജിറ്റൽ നോമാഡ്‌സ് വിസ പോലുള്ള പോളിസികൾ പ്രോത്സാഹിപ്പിക്കുന്നത് നിർത്താനും അവർ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.