ഇന്ത്യയുമായി ഏറ്റുമുട്ടി ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് ആരോപിച്ചയാൾ അറസ്റ്റിൽ
text_fieldsബെയ്ജിങ്: ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നും ഗുണമേന്മയില്ലാത്ത സൈനിക വാഹനങ്ങളും ആഭ്യന്തര അഴിമതിയുമാണ് സൈനികർ കൊല്ലപ്പെട്ടതിന് കാരണമെന്നും ആരോപിച്ചയാൾ ചൈനയിൽ അറസ്റ്റിൽ. സോ ലിങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി വെബ്സൈറ്റിൽ പറയുന്നു.
ഓൺലൈനിലൂടെ സൈന്യത്തിനെതിരെ സോ ലിങ് അപവാദ പ്രചാരണം നടത്തിയതായി വെബ്സൈറ്റിലെ കുറിപ്പിൽ പറയുന്നു. സൈന്യത്തിന് വാഹനങ്ങൾ നൽകുന്ന ഡോങ്ഫെങ് ഓഫ്റോഡ് വെഹിക്കിൾസ് കമ്പനി ഗുണമേന്മയില്ലാത്ത വാഹനങ്ങളാണ് നൽകുന്നതെന്നാണ് സോ ലിങ് അവകാശപ്പെട്ടത്. എന്നാൽ, ഏത് ആക്രമണത്തിലാണ് എവിടെ വെച്ചാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നില്ല.
ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയിരുന്നു. നേർക്കുനേർ ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 ജവാന്മാരാണ് കൊല്ലപ്പെട്ടത്. അതേസമയം, തങ്ങളുടെ ഭാഗത്ത് ആൾനാശമുണ്ടായതായി ചൈന സ്ഥിരീകരിച്ചിട്ടില്ല. 40ലേറെ ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു.
ചൈന അറസ്റ്റ് ചെയ്ത ശേഷം സോ ലിങ്ങിന്‍റെ കുറ്റസമ്മത കുറിപ്പും പിന്നീട് ഓൺലൈനിൽ വന്നു. താൻ മദ്യപിച്ചാണ് സൈന്യത്തെ കുറിച്ച് കെട്ടിച്ചമച്ച കഥ എഴുതിയതെന്ന് കുറിപ്പിൽ പറയുന്നു. ഇതിന്‍റെ പരിണിത ഫലം അനുഭവിക്കാൻ താൻ തയാറാണ്. തന്‍റെ അനുഭവത്തിൽ നിന്നും നെറ്റിസൺസ് പാഠം പഠിക്കണമെന്നും സോ ലിങ് നിർദേശിക്കുന്നു. അഭ്യൂഹങ്ങൾ ഉണ്ടാക്കരുത്, വിശ്വസിക്കരുത്, പ്രചരിപ്പിക്കരുത് -ലിങ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.