പ്രതിഷേധത്തിനിടെ അക്രമാസക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചു; ഹിന്ദു പുരോഹിതനെ സസ്പെൻഡ് ചെയ്ത് കാനഡ
text_fieldsഒട്ടാവ: കാനഡയിൽ പ്രതിഷേധങ്ങൾക്കിടെ അക്രമാസക്തമായ മുദ്രാവാക്യങ്ങൾ വിളിച്ച ഹിന്ദു പുരോഹിതനെതിരെ നടപടിയുമായി കാനഡ. നവംബർ മൂന്നിന് ക്ഷേത്രത്തിൽ നടന്ന സംഘർഷങ്ങൾക്കിടെ വിളിച്ച മുദ്രാവാക്യത്തിലാണ് നടപടി. പുരോഹിതനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. പുരോഹിതന്റെ നടപടിയെ അപലപിച്ച് ബ്രാംടൺ മേയർ പാട്രിക് ബ്രൗൺ രംഗത്തെത്തി. കാനഡയിലെ സിഖുകാരും ഹിന്ദുക്കളും തമ്മിൽ നല്ല ബന്ധം നിലനിൽക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പാട്രിക് ബ്രൗൺ പറഞ്ഞു.
ഭൂരിപക്ഷം ഹിന്ദുക്കളും സിഖുകാരും അക്രമത്തെ അംഗീകരിക്കുന്നില്ല. പരസ്പര സഹകരണത്തോടെ ജീവിക്കനാണ് ഇവർ ആഗ്രഹിക്കുന്നത്. സംഘർഷത്തിനിടെ അക്രമാസക്തമായ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ ഹിന്ദു സഭ മന്ദിർ പുരോഹിതൻ മധുസൂതൻ ലാമയെ സസ്പെൻഡ് ചെയ്തു. ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തെ സിഖുകാർ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിരിമുറക്കമുള്ള സമയങ്ങളിൽ വിഭജനത്തിന്റെ തീജ്വാലകൾ ആളിക്കത്തിക്കാൻ പ്രക്ഷോഭകരെ അനുവദിക്കാനാവില്ല. ജി.ടി.എയിലെ ഹിന്ദു-സിഖ് സമുദായങ്ങൾ വിഭജനം ആഗ്രഹിക്കുന്നില്ല. അക്രമത്തിലൂടെ ആരും സംഘർഷത്തിന് മറുപടി നൽകരുത്. അക്രമത്തിൽ നടപടിയെടുക്കാൻ ഇവിടെ നിയമ സംവിധാനങ്ങളുണ്ട് അത് അവരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയിരുന്നു. എല്ലാ കനേഡിയൻ പൗരൻമാർക്കും സ്വതന്ത്ര്യമായി വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന. ബ്രാംപ്ടണിൽ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷങ്ങൾ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.