ഹോണ്ടുറാസിന്‍റെ ആദ്യ വനിതാ പ്രസിഡന്റായി സിയോമാര കാസ്ട്രോ സത്യപ്രതിജ്ഞ ചെയ്തു
text_fieldsടെഗുസിഗാൽപ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി സിയോമാര കാസ്ട്രോ സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് തലസഥാനമായ ടെഗുസിഗാൽപയിലെ ദേശീയ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ഹോണ്ടുറാസ് ജനങ്ങൾ പങ്കെടുത്തു. കഴിഞ്ഞ നവംബർ 28ന് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ലിബ്രെ പാർട്ടിയിൽ നിന്ന് മത്സരിച്ചാണ് 62 കാരിയായ കാസ്ട്രോ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
ഹോണ്ടുറാസിൽ മുൻ ഭരണകൂടത്തിന് കീഴിൽ വ്യാപകമായിരുന്ന അഴിമതിയും അസമത്വവും ഇല്ലാതാക്കുമെന്നും ദാരിദ്ര്യനിർമാജനത്തിനുള്ള പരിഹാരമാർഗങ്ങൾ കണ്ടുപിടിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തിൽ കാസ്ട്രോ പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങളുടെ വർധന , ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രതിസന്ധികൾ എന്നീ വെല്ലുവിളികളെ പരിഹരിക്കുമെന്നും കാസ്ട്രോ വാഗ്ദാനം ചെയ്തു. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് കമല ഹാരിസടക്കം നിരവധി രാജ്യങ്ങളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹോണ്ടുറാസ് നാഷണൽ കോൺഗ്രസിനെ ആരു നയിക്കുമെന്ന തർക്കം നിലനിൽക്കുന്ന സമയത്താണ് കാസ്ട്രോ അധികാരമേൽക്കുന്നത്. കഴിഞ്ഞ ദിവസം 20 വിമത അംഗങ്ങൾ തങ്ങളുടെ കൂട്ടാളികളിലൊരാളായ ജോർജ് കാലിക്‌സിനെ താൽക്കാലിക ഹോണ്ടുറാൻ കോൺഗ്രസിന്‍റെ പ്രസിഡന്റായി നിർദേശിച്ചത് നിയമസഭയിൽ കൈയ്യാങ്കളിക്ക് വഴിവെച്ചിരുന്നു. ഹോണ്ടുറാസ് സർക്കാറിന്റെ നിയമനിർമാണ ശാഖയാണ് ഹോണ്ടുറാസ് നാഷണൽ കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.