ഹോങ്കോങ്ങിൽ അടി തുടങ്ങി ചൈന; 2019ലെ സമരത്തിൽ പങ്കെടുത്ത നേതാക്കൾ കുറ്റക്കാർ
text_fieldsഹോങ്കോങ്: ഭാഗിക സ്വാതന്ത്ര്യമുണ്ടായിരുന്ന ഹോങ്കോങ്ങിൽ പിടി മുറുക്കാനുള്ള ചൈനീസ് നീക്കങ്ങൾക്ക് വേഗം കൈവരുന്നു. 2019ൽ ഹോങ്കോങ്ങിലെ വിക്ടോറിയ പാർകിൽ നടന്ന സമാധാനപരമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയെന്ന പേരിൽ ഹോങ്കോങ്ങിലെ പ്രതിപക്ഷ നേതാക്കളിലേറെയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഏറ്റവും മുതിർന്ന ജനാധിപത്യ നേതാവും സാമാജികനുമായ മാർട്ടിൻ ലീ, മാധ്യമ രംഗത്തെ പ്രധാനി ജിമ്മി ലായ് തുടങ്ങി ഏഴുപേരെയാണ് കോടതി കുറ്റക്കാരായി കണ്ടത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഹോങ്കോങ്ങിൽ ജനാധിപത്യത്തിന്‍റെ പിതാവായി വാഴ്ത്തപ്പെടുന്ന നേതാവാണ് ലീ. ദേശീയ സുരക്ഷ നിയമം ചുമത്തി വേറെയും കേസുകളിൽ ലീ വിചാരണ നേരിടാനുണ്ട്. മറ്റു നേതാക്കളായ മാർഗരറ്റ് എൻജി, സിഡ് ഹോ സോ ലാൻ, ആൽബർട്ട ഹോ ചുൻയാൻ, ലീ ച്യൂക് യാൻ, ല്യൂങ് കോക് ഹുങ് തുടങ്ങിയവരെയും കുറ്റക്കാരായി കോടതി വിധിച്ചിട്ടുണ്ട്.
ഇവർക്കെതിരെ ശിക്ഷ അടുത്ത ദിവസങ്ങളിലുണ്ടാകും.
2019 ആഗസ്റ്റ് 18നാണ് വിവാദ പ്രതിഷേധ സമരം നടന്നത്. 17 ലക്ഷത്തോളം പേരാണ് സമാധാനപരമായി സമരത്തിനിറങ്ങിയത്. പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതുയർത്തിയാണ് നേതാക്കൾക്കെതിരെ കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.