യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ -ഇന്ത്യ
text_fieldsയുണൈറ്റഡ് നേഷൻസ്: യു.എൻ സ്ഥിരാംഗത്വത്തിനുളള ഫലസ്തീന്റെ അപേക്ഷ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യ. കഴിഞ്ഞ മാസം യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ സുരക്ഷാസമിതിയിൽ യു.എസ് വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എൻ അംഗത്വത്തിൽ ഫലസ്തീനെ പിന്തുണച്ച് ഇന്ത്യ രംഗത്തെത്തുന്നത്. ഫലസ്തീന് യു.എന്നിൽ സ്ഥിരാംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
യു.എൻ സ്ഥിരാംഗത്വത്തിനുള്ള ഫലസ്തീന്റെ അപേക്ഷ സുരക്ഷാസമിതി അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ഇന്ത്യക്ക് ദീർഘകാലമായി ഒരു നിലപാടുണ്ട്. ഫലസ്തീന്റെ അപേക്ഷയിൽ പുനഃപരിശോധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എന്നിൽ ഫലസ്തീൻ സ്ഥിരാംഗം ആകുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഇന്ത്യയുടെ യു.എൻ അംബാസിഡർ രുചിര കാംബോജ് പറഞ്ഞു. ദ്വിരാഷ്ട്രം മാത്രമാണ് ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള പോംവഴി. സ്വതന്ത്ര ഫലസ്തീനെ ഇന്ത്യ പിന്തുണക്കുന്നു. എത്രയും പെട്ടെന്ന് ഇസ്രായേലും ഫലസ്തീനും സമാധാന ചർച്ചകൾ പുനഃരാരംഭിക്കണമെന്നും ഇന്ത്യൻ അംബാസിഡർ ആവശ്യപ്പെട്ടു.
1988ൽ തന്നെ ഫലസ്തീൻ രാജ്യം ഇന്ത്യ അംഗീകരിച്ചിരുന്നു. 1996ൽ ഗസ്സയിൽ ഇന്ത്യ പ്രതിനിധി ഓഫീസ് തുറന്നിരുന്നു. പിന്നീട് ഇത് ഗസ്സയിൽ നിന്നും റാമള്ളയിലേക്ക് ഓഫീസ് മാറ്റുകയായിരുന്നു. 2003ലാണ് ഓഫീസ് റാമള്ളയിലേക്ക് മാറ്റിയത്.നിലവിൽ യു.എന്നിൽ ഫലസ്തീൻ സ്ഥിരാംഗമല്ല. നിരീക്ഷക പദവിയാണ് ഫലസ്തീന് നൽകിയിരിക്കുന്നത്. യു.എന്നിലെ നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ ഫലസ്തീന് അധികാരമുണ്ടെങ്കിലും പ്രമേയങ്ങളിൽ വോട്ടവകാശമില്ല. ഫലസ്തീൻ കഴിഞ്ഞാൽ വത്തിക്കാൻ മാത്രമാണ് യു.എന്നിൽ നിരീക്ഷക പദവിയുള്ള രാജ്യം.
ഫലസ്തീന് യു.എന്നിൽ പൂർണ്ണാംഗത്വം നൽകുന്നതിന് വേണ്ടി കൊണ്ട് വന്ന പ്രമേയത്തെ യു.എസ് വീറ്റോ ചെയ്തിരുന്നു. സുരക്ഷാസമിതിയിൽ 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ നിലപാട് എടുത്തില്ല. യു.എസ് പ്രമേയത്തിന് എതിരായി നിലപാട് എടുക്കുകയും വീറ്റോ ചെയ്യുകയും ചെയ്തു.
193 അംഗ യു.എന്നിന്റെ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രമേയം സുരക്ഷാസമിതിയിലെത്തിയത്. യു.എന്നിന്റെ 194ാം അംഗമായി ഫലസ്തീനെ അംഗീകരിക്കണമെന്നായിരുന്നു പ്രമേയത്തിൽ പറഞ്ഞിരുന്നത്. യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷം അംഗങ്ങളും ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നത് കൊണ്ട് പ്രമേയം പാസാവുമായിരുന്നു. എന്നാൽ, ഇതിന് മുമ്പ് തന്നെ യു.എസ് പ്രമേയത്തെ വീറ്റോ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.