ദുരന്ത മുനമ്പ്; ഉത്തര ഗസ്സയിൽ 45 മരണം
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ സാധാരണക്കാരെയും അഭയാർഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ഇസ്രായേൽ സേന ഒരു വർഷത്തിലേറെയായി തുടരുന്ന കൂട്ടക്കുരുതിക്ക് ശമനമില്ല.
ശനിയാഴ്ച രാത്രി വീണ്ടും അധിനിവേശ സേന വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ ബോംബിട്ടു. സ്ത്രീകളും കുട്ടികളുമടക്കം 45 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അവർ അറിയിച്ചു. ഉത്തര മേഖലയിലെ ബൈത് ലാഹിയയിലായിരുന്നു ആക്രമണം. ഒക്ടോബർ ആറിനു ശേഷം ഉത്തര ഗസ്സയിൽ വ്യോമ, കരയാക്രമണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ഇതുവരെ ഇസ്രായേൽ നരനായാട്ടിൽ 42,847 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,00,544 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നമ്മുടെ കൺമുന്നിൽ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന വംശഹത്യയിൽ ഗസ്സയിലെ മുഴുവൻ ജനങ്ങളും മരിക്കാൻ സാധ്യതയുണ്ടെന്ന് അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങൾക്ക് വേണ്ടിയുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസിസ്ക അൽബനീസ് പറഞ്ഞു.
ഇസ്രായേൽ യുദ്ധ വിമാനങ്ങളും ടാങ്കറുകളും കനത്ത നാശമാണ് ഉത്തര ഗസ്സയിലുണ്ടാക്കിയിരിക്കുന്നതെന്നും വൻ ദുരന്തത്തിന്റെ വക്കിലാണെന്നും സാമൂഹിക സന്നദ്ധ സംഘടനയായ റെഡ് ക്രോസ് മുന്നറിയിപ്പ് നൽകി.
ഉത്തര ഗസ്സയിലെ കമൽ അദ്വാൻ ആശുപത്രിയിലെ 44 ജീവനക്കാരെ ഇസ്രായേൽ തടവിലിട്ടതായി ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദനോം ഗെബ്രീയേസസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.