മരണം പതിയിരിക്കുന്ന ഗസ്സയിലെ ആശുപത്രികൾ; അനങ്ങിയാൽ ചീറിയെത്തുന്നു, വെടിയുണ്ട
text_fieldsഗസ്സ: പുറംലോകത്തുനിന്ന് ഗസ്സയിലെ ആശുപത്രികളെ വേർപെടുത്തിയ ഇസ്രായേൽ സേന അവിടങ്ങളിൽ സമാനതകളില്ലാത്ത കൂട്ടക്കൊലക്ക് ഒരുങ്ങുകയാണെന്ന് ആശങ്ക ഉയർന്നു. ആശുപത്രികളിൽനിന്ന് ഒരു അനക്കമുണ്ടായാൽ വളഞ്ഞിരിക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ സ്നൈപ്പർ സ്ക്വാഡിന്റെ വെടിയുണ്ടകൾ ചീറിയെത്തും.
ആശുപത്രിയിൽനിന്ന് പുറത്തേക്ക് രക്ഷപ്പെടാനോ പുറത്തുനിന്ന് ആശുപത്രിയിലേക്ക് വരാനോ കഴിയില്ല. ‘‘പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമില്ലാത്തതിനാൽ പ്രധാന ഫ്രീസറിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. ഇവ കാരണം മറ്റ് പകർച്ചവ്യാധികൾ ഉണ്ടാവാതിരിക്കാൻ ഉടൻ ഖബറടക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ ഇസ്രായേൽ ഇടതടവില്ലാതെ ബോംബിങ് നടത്തുന്നതിനാൽ അത് സാധിക്കുന്നില്ല’’ -അൽശിഫ ആശുപത്രി സർജൻ മർവാൻ അബൂസാദ ബി.ബി.സിക്ക് അയച്ച വോയ്സ് നോട്ടിൽ പറഞ്ഞു. ആശുപത്രിയിൽനിന്ന് റോഡിലേക്ക് ഇറങ്ങിയവർക്കു നേരെ ഇസ്രായേൽ വെടിയുതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെ തെരുവിൽ വെച്ച് ഇസ്രായേൽ സേന വെടിവെച്ചു വീഴ്ത്തി’’ -മർവാൻ വിശദീകരിച്ചു.
‘നാം ജീവിക്കുന്നത് എന്തൊരു ലോകത്താണ്’
ഗസ്സയിൽ മാനുഷിക ദുരന്തം മറനീക്കുകയാണെന്നും അവിടത്തെ സാഹചര്യം വിശദീകരിക്കാനാവുന്നില്ലെന്നും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അംഗം താന്യ ഹാജ് ഹസ്സൻ. മാനുഷിക ദുരന്തം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ദിവസം ചെല്ലുന്തോറും ഞങ്ങളുടെ ശബ്ദം ദുർബലമാകുന്നു. നാം ജീവിക്കുന്നത് എന്തൊരു ലോകത്താണ്’’-താന്യ കൂട്ടിച്ചേർത്തു.
അൽശിഫ ആശുപത്രിയിലെ അവസ്ഥ ഇതു പോലെ തുടരാൻ അനുവദിക്കാവുന്നതല്ലെന്ന് അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി പശ്ചിമേഷ്യ തലവൻ ഫാബ്രിസിയോ കാർബോണി മുന്നറിയിപ്പ് നൽകി. ‘‘പരിക്കേറ്റവരും കിടപ്പാടം നഷ്ടപ്പെട്ടവരും ആരോഗ്യപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങളുടെ ജീവൻ ഏതു സമയവും എടുക്കപ്പെടാം. ഇവരുടെ ജീവൻ യുദ്ധകാല നിയമങ്ങൾ പ്രകാരം സംരക്ഷിക്കപ്പെടണം.’’ -അദ്ദേഹം എക്സിൽ കുറിച്ചു.
കുടുംബത്തെ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് ജേണലിസ്റ്റ്
അൽശിഫ ആശുപത്രി പരിസരത്തെ വീട്ടിൽ അകപ്പെട്ട തന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് ഫലസ്തീനി ജേണലിസ്റ്റ് യാര ഈദ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വേദനിക്കുന്ന അഭ്യർഥനയായി. തന്റെ 13 അംഗ കുടുംബത്തെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹവും സംഘടനകളും മുൻകൈയെടുക്കണം. വീട് ടാങ്കുകളാൽ ചുറ്റപ്പെട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അവർ അഭ്യർഥിച്ചു.
വൈറ്റ് ഫോസ്ഫറസ് ഷെല്ലിങ്
അൽശിഫ ആശുപത്രിയിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ഷെല്ലിങ് നടത്തുന്നതായി ഫലസ്തീൻ ആരോഗ്യമന്ത്രി മായ് അൽഖൈല. ‘‘അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട ആയുധമാണിത്. വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് അൽശിഫ ഹോസ്പിറ്റലിൽ ഷെല്ലിങ് നടത്തുന്ന ഇസ്രായേലിന്റെ പ്രവൃത്തിക്ക് ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നതിൽ എനിക്ക് അത്ഭുതമുണ്ട്’’ -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിലെ ആശുപത്രികൾക്കു നേരെ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖാൻ യൂനുസിലെ അൽ നാസർ ഹോസ്പിറ്റലിനു പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആശുപത്രി മേധാവികൾ ആവശ്യപ്പെട്ടു.
‘‘ആരെങ്കിലും ഉണർന്നിരിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ അഭ്യർഥിക്കുകയാണ്, എന്തെങ്കിലും ചെയ്യൂ. ആശുപത്രികൾക്കു നേരയുള്ള ഈ യുദ്ധക്കുറ്റത്തിനെതിരെ സമ്മർദം ചെലുത്താൻ കഴിയാത്ത രാഷ്ട്രീയക്കാരന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു’’ -അവർ പറഞ്ഞു.
ജനങ്ങളെ ഗസ്സയിൽനിന്ന് പുറത്തേക്ക് പോകാൻ സമ്മർദം ചെലുത്തുന്നതിനായി മനഃപൂർവമാണ് ആശുപത്രികൾ ലക്ഷ്യമിടുന്നതെന്ന് ഫലസ്തീൻ റെഡ് ക്രെസന്റ് പറഞ്ഞു.
അൽശിഫ ആശുപത്രി
ഗസ്സ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ സർജിക്കൽ, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷാലിറ്റികളാണുള്ളത്. റിമൽ മേഖലയിൽ തുറമുഖത്തോടു ചേർന്നുള്ള ആശുപത്രി 1946ലാണ് സ്ഥാപിച്ചത്. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് ഏക ആശ്രയമാണിത്.
ഒപ്പം ബോംബിങ്ങിൽ വീടു നഷ്ടമായ അനേകർ ആശുപത്രി വളപ്പിൽ അഭയം തേടിയിട്ടുമുണ്ട്. ഹമാസിന്റെ കമാൻഡ് സെന്റർ ഇവിടെ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ സേന ആശുപത്രി ആക്രമിക്കുന്നത്. എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.