കുരുതിക്കളമായി ആശുപത്രികൾ
text_fieldsഗസ്സ: അൽ ശിഫ ആശുപത്രിക്കു പിറകെ ഗസ്സയിലെ കൂടുതൽ ആതുരാലയങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ സേന. ജബലിയ മേഖലയിലെ ഇന്തോനേഷ്യൻ ആശുപത്രിയിലും അൽ ഔദ ആശുപത്രിയിലും സൈന്യം കൂട്ടക്കൊല തുടരുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുനീർ അൽ ബുർശ് ആരോപിച്ചു.
ഗസ്സയിലെ മുഴുവൻ ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റിയതായി ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം ആശുപത്രികളെ ലക്ഷ്യമിട്ട് 335 ആക്രമണങ്ങളാണ് നടന്നതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഗസ്സ ചീന്തിൽ 164, വെസ്റ്റ്ബാങ്കിൽ 171 ആക്രമണങ്ങളാണ് നടന്നത്.
ഇന്തോനേഷ്യൻ, അൽ ഔദ ആശുപത്രികൾക്കു നേരെ നടത്തിയ ബോംബിങ്ങിൽ രോഗികളും ജീവനക്കാരും അഭയാർഥികളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. അനങ്ങുന്നവരെയെല്ലാം വെടിവെച്ചിടുകയാണ്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയാണ്.
സൈന്യം ഉപരോധിച്ചിരിക്കുന്നതിനാൽ ഇവർക്ക് ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. സൈനിക ടാങ്കുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണമെന്ന് ഗസ്സ ഗവ. ഇൻഫർമേഷൻ ഓഫിസ് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ തവാബ്ത പറഞ്ഞു.
വടക്കൻ ഗസ്സക്കു പിന്നാലെ തെക്കു ഭാഗത്തും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആശുപത്രികൾക്കുനേരെ ക്രൂരമായ ബോംബിങ്ങാണ് നടക്കുന്നത്. 550ഓളം പേരാണ് ഇന്തോനേഷ്യൻ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ ഇവിടെനിന്ന് രോഗികളെ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. 120ഓളം പേരെ ഖാൻ യൂനുസിലെ നാസർ ആശുപത്രിയിലേക്ക് മാറ്റി. മാരക മുറിവേറ്റ് രക്തം വാർന്നുപോകുന്നതിനാൽ ഒഴിപ്പിക്കൽ ദുഷ്കരമാണ്.
പലരും വഴിമധ്യേ മരിച്ചു. അൽ ശിഫ ആശുപത്രി പൂർണമായും ഇസ്രായേൽ സൈനിക കേന്ദ്രമാക്കി മാറ്റി. ജീവനക്കാരും സിവിലിയന്മാരുമടക്കം 700ഓളം പേരെ ഇവിടെ പിടിച്ചുവെച്ച് ചോദ്യം ചെയ്യുകയാണ്.
ഭൂഗർഭ അറയിൽ ഹമാസിന്റെ സൈനികകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അൽ ശിഫ ഇടിച്ചുനിരത്തി രോഗികളെ ഒഴിപ്പിച്ചത്. ഇതേ വാദവുമായാണ് മറ്റു ആശുപത്രികൾക്കുനേരെയും തിരിഞ്ഞിരിക്കുന്നത്. എന്നാൽ, ഇതിന് വ്യക്തമായ തെളിവ് നൽകാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.