നെതന്യാഹുവിനെതിരെ കൂറ്റൻ പ്രകടനവുമായി ബന്ദികളുടെ ബന്ധുക്കൾ; നാലുദിന മാർച്ച് ജറൂസലമിലേക്ക്
text_fieldsതെൽഅവീവ്: ഗസ്സക്കെതിരായ യുദ്ധം 143 ദിനം പിന്നിട്ടിട്ടും ബന്ദിമോചനത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നെതന്യാഹു സർക്കാറിനെതിരെ കൂറ്റൻ മാർച്ചുമായി ബന്ദികളുടെ ബന്ധുക്കൾ. നാലുനാൾ നീണ്ടുനിൽക്കുന്ന മാർച്ച് ഗസ്സ അതിർത്തിയിൽനിന്ന് ആരംഭിച്ച് ജറൂസലമിൽ അവസാനിക്കും. ബുധനാഴ്ച തുടങ്ങുന്ന മാർച്ച് ശനിയാഴ്ചയാണ് സമാപിക്കുക.
ഖത്തറിൽ ബന്ദിമോചനത്തിനുള്ള ചർച്ച നടക്കുന്നതിനിടയിലാണ് മാർച്ച് എന്നതാണ് ശ്രദ്ധേയം. ഇസ്രായേലിന് നേട്ടമില്ലാത്ത ബന്ദിമോചന കരാറിനെ എതിർക്കുമെന്ന് ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് ഞായറാഴ്ച പറഞ്ഞിരുന്നു. ബന്ദിമോചനത്തിനല്ല ഇസ്രായേൽ ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്ന സ്മോട്രിച്ചിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയായിരുന്നു ഈ പരാമർശം. ഇത് ബന്ദികളുടെ ബന്ധുക്കളിൽനിന്ന് കടുത്ത വിമർന്നത്തിന് ഇടയാക്കിയിരുന്നു. യു.എസ്, ഫ്രാൻസ്, ഈജിപ്ത്, ഖത്തർ എന്നിവരുടെ മധ്യസ്ഥതയിൽ ഖത്തറിൽ നടക്കുന്ന ചർച്ചയോട് നെതന്യാഹുവിനും വലിയ താൽപര്യമില്ല. എന്നാൽ, ബന്ദികളുടെ ബന്ധുക്കളിൽനിന്നുള്ള കടുത്ത സമ്മർദത്തിന് വഴങ്ങിയാണ് ചർച്ചയുമായി മുന്നോട്ടുപോകുന്നത്.
ബുധനാഴ്ച നടക്കുന്ന മാർച്ചിൽ ബന്ദികളുടെ കുടുംബങ്ങൾക്ക് പുറമേ പൊതുജനങ്ങളെയും പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ടെന്ന് ബന്ദികളുടെയും കാണാതായവരുടെയും ഫോറം അറിയിച്ചതായി ഇസ്രായേലി മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച റെയിം പാർക്കിങ്ങിൽ നിന്ന് ആരംഭിച്ച് സെദറോത്തിലൂടെയാണ് മാർച്ച് കടന്നുപോകുക. നഗരത്തിലെ പൊലീസ് സ്റ്റേഷന് സമീപം പൊതുയോഗം നടക്കും. തുടർന്ന്, കിരിയാത് ഗാട്ട്, ബെയ്ത് ഗുവ്രിൻ, ബെയ്ത്ത് ഷെമേഷ് എന്നിവിടങ്ങളിലേക്ക് മാർച്ച് തുടരും. ശനിയാഴ്ച ജറുസലേമിൽ സമാപിക്കും. ബന്ദികളെ തിരിച്ചെത്തിക്കൽ ഇസ്രായേൽ ജനതയുടെ ദേശീയ ഉത്തരവാദിത്വമാണെന്ന് ഫോറം ചൂണ്ടിക്കാട്ടി.
ഒക്‌ടോബർ 7നാണ് 100ലേറെ സൈനികരടക്കം 253 ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയത്. സൈനികരടക്കം 1,200ഓളം പേർ ഹമാസ് ആക്രമണത്തിലും ഹാനിബാൾ ഡയറക്ടീവ് പ്രകാരം ഇസ്രായേൽ സേനയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടിരുന്നു.
നവംബർ അവസാനത്തോടെ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ ഉടമ്പടി പ്രകാരം ബന്ദികളിൽ നിന്ന് 105 പേരെ ഹമാസ് വിട്ടയച്ചിരുന്നു. 130 പേർ ഇപ്പോഴും ബന്ദികളായി ഗസ്സയിൽ തുടരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ നിരവധി പേരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചിരുന്നു. നാല് ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും മൂന്ന് പേരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. മൂന്ന് ബന്ദികളെ തങ്ങൾ അബദ്ധത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ സേന സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.