ഇസ്രായേൽ പാർലമെന്റിൽ പൊട്ടിത്തെറിച്ച് ബന്ദിയുടെ അമ്മ: ‘എന്റെ മകനെ ബോഡി ബാഗിൽ കൊണ്ടുവന്നാൽ ഞാൻ നിയമം കൈയിലെടുക്കും’
text_fieldsതെൽഅവീവ്: ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ സൈനികരടക്കമുള്ളവരെ 437 ദിവസമായിട്ടും തിരിച്ച് കൊണ്ടുവരാൻ കഴിയാത്തതിനെതിരെ ഇസ്രായേൽ പാർലമെന്റായ നെസറ്റിൽ പൊട്ടിത്തെറിച്ച് ബന്ദിയായ യുവാവിന്റെ മാതാവ്. ബന്ദിയായ മതൻ സൻഗൗക്കറുടെ അമ്മ ഐനവ് സൻഗൗക്കറാണ് ഇസ്രായേൽ ഭരണകൂടത്തിനെതിരെ പാർലമെന്റിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. തന്റെ മകൻ ഗസ്സയിൽ കൊല്ലപ്പെട്ടാൽ നിയമം കൈയിലെടുക്കുമെന്ന് മന്ത്രി സെവ് എൽകിന് ഇവർ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ഇവരെ സെക്യൂരിറ്റി ഗാർഡ് നെസെറ്റിൽ നിന്ന് പിടിച്ച് പുറത്താക്കി. നെഗേവ്, ഗലീലി വികസന കമ്മിറ്റി ചർച്ചക്കിടെയായിരുന്നു സംഭവം.
ഇസ്രായേൽ സർക്കാർ ജനങ്ങളോട് കള്ളം പറയുകയാണെന്നും ബന്ദി മോചന കരാറിലെത്താൻ ഒന്നും ചെയ്യുന്നില്ലെന്നും ഐനവ് സൻഗൗക്കർ ആരോപിച്ചു. മന്ത്രി സെവ് എൽകിനോട് ഇവർ വാഗ്വാദത്തിലേർപ്പെട്ടു. “എന്റെ കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ബന്ദികളിൽ കുറച്ചുപേർ മാത്രമേ ഇപ്പോൾ ജീവനോടെ ഉള്ളൂ. ഇനി എന്റെ മകനെ ബോഡി ബാഗിലോ ശരീരഭാഗങ്ങളായോ തിരികെ എത്തിച്ചാൽ ഞാൻ നിങ്ങളെ വിചാരണക്ക് കൊണ്ടുവരില്ല, പകരം നിയമം കൈയിലെടുക്കും’ -അവർ മുന്നറിയിപ്പ് നൽകി. ‘ഒക്‌ടോബർ 7 ന് ബന്ദികളാക്കപ്പെട്ടവരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നിങ്ങൾക്ക് ഒരിക്കലും കണ്ടെത്താൻ കഴിയില്ല. ഞങ്ങൾ എല്ലാവരെയും തിരികെ കൊണ്ടുവരും എന്ന് നിങ്ങൾ നുണ പറയുകയാണ്. നിങ്ങളുടെ കസേര കാക്കാനാണ് നിങ്ങൾക്ക് കൂടുതൽ താൽപര്യം’ -ഐനവ് സങ്കൗക്കർ പറഞ്ഞു. ഇതിന് പിന്നാലെയാണ് നെസെറ്റ് സെക്യൂരിറ്റി ഗാർഡുകൾ ഇവരെ ബലപ്രയോഗത്തിലൂടെ പിടിച്ച് പുറത്താക്കിയത്.
ഹമാസുമായി കരാറിൽ ഏർപ്പെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരാൻ ഇസ്രയേലി ജനതയോട് മതാൻ സൻഗൗക്കർ ആഹ്വാനം ചെയ്തു. ഇവരുടെ മകന്റെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.