ഇസ്രായേലിന് മുന്നറിയിപ്പുമായി രക്ഷപ്പെട്ട ബന്ദികൾ: ‘134പേരെയും മോചിപ്പിക്കാൻ സൈന്യത്തിനാകില്ല, പോംവഴി ചർച്ച മാത്രം’
text_fieldsതെൽഅവീവ്: സൈനിക ശക്തി ഉപയോഗിച്ച് ഹമാസിന്റെ പിടിയിൽനിന്ന് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേലിന് കഴിയില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) രക്ഷിച്ച രണ്ട് ബന്ദികൾ. കഴിഞ്ഞയാഴ്ച ഗസ്സയിലെ റഫയിൽനിന്ന് സായുധനീക്കത്തിലൂടെ ഇസ്രായേൽ സൈന്യം രക്ഷിച്ച ലൂയിസ് ഹറും ഫെർണാണ്ടോ മെർമാനുമാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്.
കെയ്‌റോയിൽ നടക്കുന്ന വെടിനിർത്തൽ, ബന്ദിമോചന ചർച്ചകൾക്ക് പ്രതിനിധികളെ അയക്കണമെന്നും ഇവർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ‘വീരപ്രവർത്തനങ്ങളിലൂടെ 134 ബന്ദികളേയും രക്ഷിക്കാൻ നമുക്ക് കഴിയില്ല. ചർച്ചയിലൂടെ മാത്രമേ എല്ലാ തടവുകാരുടെയും മോചനം ഉറപ്പാക്കാനാവൂ’ -ഇവർ തറപ്പിച്ചു പറഞ്ഞു.
തങ്ങൾക്കൊപ്പം ബന്ദികളായി ഹമാസ് പിടികൂടുകയും പിന്നീട് നവംബറിൽ വെടിനിർത്തൽ കരാറിലൂടെ വിട്ടയക്കുകയും ചെയ്ത ബന്ധുക്കളായ ഗബ്രിയേല, മിയ ലീംബെർഗ്, ക്ലാര മെർമാൻ എന്നിവർക്കൊപ്പം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ലൂയിസ് ഹറും ഫെർണാണ്ടോ മെർമാനും ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ദിമോചന കരാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കളുടെ സംഘടന തെഅവീവിൽ നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ ഇന്നലെ രാത്രി പ്രകടനം നടത്തി. ബന്ദിമോചനത്തിന് ഹമാസുമായുള്ള തുടർചർച്ചക്ക് വ്യാഴാഴ്ച കെയ്‌റോയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തെ സംഘടനയുടെ വക്താവ് ഹൈം റൂബിൻസ്റ്റൈൻ വിമർശിച്ചു. ‘ഗസ്സയിലെ തുരങ്കങ്ങളിൽ കഴിയുന്നവർക്ക് ശബ്ദമുയർത്താൻ കഴിയാത്തത് കൊണ്ടാണ് അവരുടെ പ്രിയപ്പെട്ടവർ ഇവിടെ നിലവിളിക്കുന്നത്. ഹമാസിന്റെ ആവശ്യങ്ങൾ വളരെ വലുതായിരിക്കാം. അത് ഞങ്ങൾ മനസ്സിലാക്കുന്നു. ചർച്ച ആരംഭിച്ചതേയുള്ളൂ. ഇപ്പോൾ ചർച്ചക്ക് പ്രതിനിധികളെ അയക്കൂ’ -അദ്ദേഹം ആവശ്യപ്പെട്ടു.
സൈനികർ ഉൾപ്പെടെ എല്ലാ ബന്ദികളെയും വീട്ടിലെത്തിക്കുന്നതുവരെ ഇസ്രായേൽ വിജയിക്കില്ലെന്ന് ഗസ്സയിൽ ഹമാസിന്റെ പിടിയിൽ കഴിയുന്ന ഇറ്റായ് ചെനി(20)ൻ്റെ മാതാരവ് ഹഗിത് ചെൻ പറഞ്ഞു.
അതിനിടെ, ബന്ദി മോചന കരാറിന് പ്രധാന തടസ്സം ഹമാസിന്റെ വ്യാമോഹങ്ങൾ നിറഞ്ഞ ഉപാധികളാണെന്നും അതുപേക്ഷിച്ചാൽ ചർച്ചയുമായി മുന്നോട്ട് പോകാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. സി.ഐ.എ ഡയറക്ടർ വില്യം ബേൺസിൻ്റെ മേൽനോട്ടത്തിൽ കഴിഞ്ഞയാഴ്ച കെയ്‌റോയിലേക്ക് രണ്ടാമത്തെ പ്രതിനിധി സംഘത്തെ ചർച്ചക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് കാരണം ഹമാസിന്റെ കടുംപിടുത്തമാണെന്നും നെതന്യാഹു പറഞ്ഞു.
‘മസ്ജിദുൽ അഖ്സ അടങ്ങുന്ന ടെമ്പിൾ മൗണ്ടിന്റെ അവകാശം, ഗസ്സ യുദ്ധം അവസാനിപ്പിക്കൽ, ഹമാസിനെ ഗസ്സയുടെ അധികാരത്തിൽ നിലനിർത്തൽ, ഇസ്രായേൽ സേനയെ (ഐ.ഡി.എഫ്) ഗസ്സയിൽനിന്ന് പിൻവലിക്കൽ, ആയിരക്കണക്കിന് കൊലപാതകികളെ (ഫലസ്തീൻ തടവുകാരെ) മോചിപ്പിക്കൽ എന്നിവയാണ് ഹമാസിന്റെ ആവശ്യം. ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത ഈ കാര്യങ്ങളാണ് ഹമാസ് ചർച്ചയിൽ ഉന്നയിക്കുന്നത്. അവർ നിലപാട് മയപ്പെടുത്തുമ്പോൾ മാത്രമേ ചർച്ചയിൽ പുരോഗതി ഉണ്ടാകൂ’ -നെതന്യാഹു പറഞ്ഞു.
എന്നാൽ, ഇസ്രായേൽ തടവറയിൽപീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീനികളുടെ മോചനം മാത്രമാണ് ഒക്ടോബർ ഏഴിന് ഇസ്രായേലികളെ ബന്ദികളാക്കിയതിലൂടെ ലക്ഷ്യമിട്ടതെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇസ്രായേലിൽ ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ഓപറേഷന്റെ 133ാം ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സക്കാർ അനുഭവിക്കുന്ന ദുരിതങ്ങളെല്ലാം ഇപ്പോൾ ബന്ദികൾ അനുഭവിക്കുന്നുണ്ടെന്നും ഇക്കാര്യം പലതവണ തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും ശത്രുസേന കാര്യമായി എടുത്തില്ലെന്നും വിഡിയോയിൽ പറഞ്ഞു.
‘ബന്ദികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളടക്കം കാര്യങ്ങള്‍ ഈയൊരു അവസ്ഥയിൽ എത്തണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ബന്ദികൾക്ക് ഞങ്ങൾ മാനുഷിക പരിരക്ഷയും സഹായങ്ങളും ഇതുവരെ ഉറപ്പുവരുത്തിയിട്ടുണ്ട്. യുദ്ധം ആരംഭിച്ചത് മുതല്‍ അവർക്ക് സംഭവിച്ചേക്കാവുന്ന പ്രയാസങ്ങളെ കുറിച്ച് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. പക്ഷേ ശത്രുസേന ഗൗനിച്ചില്ല. ഇപ്പോള്‍ ബന്ദികളെ വരെ അവർ കൊന്നുകളയുന്നു. പലരും രോഗികളും അംഗവൈകല്യം സംഭവിച്ചവരുമായി. ഗസ്സയിലെ ആളുകള്‍ അനുഭവിക്കുന്ന പട്ടിണിയും മരുന്നുക്ഷാമവും ബന്ദികളും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്വം ഇസ്രായേൽ നേതൃത്വത്തിനു മാത്രമാണ്’ -അബൂ ഉബൈദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.