ചെങ്കടലിൽ ചരക്കുകപ്പലിന് നേരെ ഹൂതി ആക്രമണം
text_fieldsസൻആ: ഏദൻ കടലിടുക്കിൽ ഹൂതികൾ ചരക്ക് കപ്പലിനുനേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഹൂതി റഡാർ കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം. ലൈബീരിയൻ പതാക വഹിക്കുന്ന ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള കൽക്കരിയുമായി പോയ കപ്പലിന് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. യമനി തുറമുഖമായ ഹുദൈദക്ക് സമീപമാണ് സംഭവം.
ആക്രമണത്തിൽ കപ്പലിൽ വെള്ളം കയറി എൻജിൻ റൂമിന് തകരാർ സംഭവിച്ചു. കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചതായും കപ്പൽ ഉപേക്ഷിച്ചതായും യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് (യു.എം.കെ.ടി.ഒ) അറിയിച്ചു. ഒരു ജീവനക്കാരനെ കാണാതായി. ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ റഡാർ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. ഹൂതികളുടെ ഏഴ് റഡാർ കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു.
കപ്പലുകളെ ലക്ഷ്യമിടാൻ ഹൂതികളെ സഹായിച്ചിരുന്നത് ഈ റഡാർ കേന്ദ്രങ്ങളായിരുന്നുവെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്താൻ സൈന്യം തയാറായില്ല. അതിനിടെ വ്യത്യസ്ത സംഭവങ്ങളിൽ ചെങ്കടലിൽ ബോംബുനിറച്ച രണ്ട് ഡ്രോൺ ബോട്ടുകളും ജലപാതക്ക് മുകളിലൂടെ ഹൂതികൾ വിക്ഷേപിച്ച ഡ്രോണും സൈന്യം നശിപ്പിച്ചു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതുമുതൽ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.