പരക്കെ മിസൈലുകൾ; ഹൂതികൾക്ക് മുന്നിൽ പകച്ച് ഇസ്രായേൽ
text_fieldsതെൽ അവിവ്: ഒന്നര വർഷത്തോളം നീണ്ട കനത്ത ആക്രമണത്തിൽ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കുന്തമുനയൊടിച്ച ഇസ്രായേലിന് തിരിച്ചടിയായി ഹൂതി വിമതർ. യമൻ തലസ്ഥാനമായ സൻആ ആസ്ഥാനമായ ഹൂതി വിമതരുടെ നിരന്തര മിസൈൽ, ഡ്രോൺ ആക്രമണം ചെറുക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇസ്രായേൽ.
അത്യാധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളും യു.എസ് പിന്തുണയുമുണ്ടായിട്ടും ഹൂതികളുടെ മിസൈൽ ആക്രമണം ഭയന്ന് വടക്കൻ ഇസ്രായേൽ നഗരമായ ഹൈഫയിൽനിന്ന് ആയിരങ്ങളാണ് ഒഴിഞ്ഞുപോയത്.
ഗസ്സക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഇസ്രായേലിനെതിരെ ഇറാൻ പിന്തുണയുള്ള ഹൂതികൾ ആക്രമണം തുടങ്ങിയത്. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ആക്രമണം കടുപ്പിച്ചതോടെ ഇസ്രായേലിന്റെ എയിലാത് നഗരത്തിലെ തുറമുഖം പൂട്ടി.
ഇസ്രായേലിൽനിന്ന് 2000 കിലോമീറ്റർ അകലെയുള്ള നഗരമാണ് സൻആ. തിരിച്ചടിയായി സൻആയുടെ തുറമുഖങ്ങളിലും ഇന്ധന നിർമാണ കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും ഇസ്രായേൽ ബോംബിട്ടിരുന്നു. എങ്കിലും ഹൂതികളുടെ ആക്രമണങ്ങൾക്ക് ഒരു കുറവുമുണ്ടായില്ല. മിക്കവാറും എല്ലാ ദിവസവും അർധരാത്രിപോലും ഇസ്രായേലിൽ ജാഗ്രത സൈറൺ മുഴങ്ങുകയും ജനങ്ങൾ മിസൈൽ വേധ ഷെൽട്ടറുകളിൽ അഭയം തേടേണ്ട അവസ്ഥയുമാണ്. തെൽ അവിവ് നഗരത്തിനുപോലും രക്ഷയില്ലാതായി.
ഇസ്രായേലിന്റെ അതിശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ മറികടന്നാണ് മിസൈലുകളെത്തുന്നത്. നിരന്തര മിസൈൽ, ഡ്രോൺ പ്രയോഗങ്ങളിലൂടെ ഇസ്രായേലിന്റെ സാമ്പത്തിക മേഖലക്കാണ് കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. നിരവധി വിദേശ വിമാന കമ്പനികൾ സേവനം നിർത്തിവെച്ചു. രാജ്യത്തിന്റെ നെടുംതൂണായ വിനോദ സഞ്ചാര മേഖല തകർന്നു.
ഇസ്രായേൽ ഭയക്കുന്ന ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ ഇപ്പോഴും ശക്തമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് ഹൂതികൾ. അവരെ നേരിടാൻ കഴിയാത്തത് പശ്ചിമേഷ്യയിലെ വൻ സൈനിക ശക്തിയാണെന്ന ഇസ്രായേലിന്റെ പ്രതിച്ഛായക്കേറ്റ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.
വളരെക്കാലത്തെ രഹസ്യാന്വേഷണ നീക്കങ്ങളിലൂടെയാണ് ഇറാന്റെയും ഹിസ്ബുല്ലയുടെയും ഹമാസിന്റെയും നേതൃനിരയെ ഇസ്രായേൽ തകർത്തത്. അതേസമയം, ഒരു പരിചയവുമില്ലാത്ത ശത്രുവാണ് യമൻ. അയൽ രാജ്യമല്ലാത്തതിനാൽ അധിനിവേശം സാധ്യമല്ലെന്നതും തിരിച്ചടിയാണെന്ന് മുൻ ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥൻ ഇയാൽ പിങ്കോ പറഞ്ഞു. ചെലവേറിയതും പരിമിതവുമായ വ്യോമാക്രമണം മാത്രമാണ് യമനിൽ ഇസ്രായേലിന് സാധ്യമാകുക.
വർഷങ്ങളോളം സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് പരിചയമുള്ളതിനാൽ ഇസ്രായേലിനെ നേരിടാൻ കഴിയുമെന്നതാണ് ഹൂതികളുടെ ആത്മവിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.