ഹൂതി ഭീഷണിയിൽ ഗതിമാറി യു.എസ് ഇടപെടലും ഗസ്സയും
text_fieldsസൻആ: ഇസ്രായേലിൽനിന്നോ അവിടേക്കോ പോകുന്ന വാണിജ്യ കപ്പലുകൾ വെടിവെച്ചിടുമെന്ന ഹൂതി ഭീഷണിക്ക് പിന്നാലെ 10 രാജ്യങ്ങളടങ്ങിയ സൈനിക സഖ്യത്തെ പ്രഖ്യാപിച്ച യു.എസ് നീക്കം മേഖലയിൽ സംഘർഷത്തിന് പുതിയ മാനം നൽകുമെന്ന് സൂചന. പ്രമുഖ യൂറോപ്യൻ ശക്തികളെയെല്ലാം കൂട്ടിയാണ് അമേരിക്കൻ നേതൃത്വത്തിൽ ചെങ്കടലിലും ഏദൻ കടലിലും ചരക്കു കപ്പലുകൾക്ക് സുരക്ഷയെന്ന പേരിൽ കഴിഞ്ഞ ദിവസം പുതിയ സൈനിക കൂട്ടായ്മ പ്രഖ്യാപിച്ചത്.
ഏഷ്യയെയും യൂറോപിനെയും കപ്പൽ മാർഗം ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ചെന്നുതൊടുന്ന ചെങ്കടലിന്റെ തെക്കേ അറ്റം യെമൻ കടന്നാണ് പോകുന്നത്. ഇവിടെ ബാബൽ മൻദബ് പൂർണമായി ഹൂതി നിയന്ത്രണത്തിലാണ്. ഇതുവഴി കടന്നുപോകുന്ന ഇസ്രായേൽ കപ്പലുകൾ ആക്രമിക്കുമെന്നാണ് ഹൂതി മുന്നറിയിപ്പ്. നവംബർ ആദ്യത്തിൽ ഗാലക്സി ലീഡർ എന്ന കപ്പൽ റാഞ്ചിയ ഹൂതികൾ ഏറ്റവുമൊടുവിൽ നോർവേ കപ്പലിനു നേരെയും മിസൈൽ തൊടുത്തു. നിരവധി കപ്പലുകൾക്കുനേരെ ഡ്രോൺ ആക്രമണം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കടൽ വഴിയുള്ള ചരക്കുകടത്തിന്റെ 12 ശതമാനത്തിലേറെയും നിലവിൽ ചെങ്കടൽ കടന്നായതിനാൽ ഇത് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. എം.എസ്.സി, മീർസെക്, സി.എം.എ സി.ജി.എം, ഹാപാഗ് ലോയ്ഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതുവഴി ചരക്കുകടത്ത് നിർത്തിവെച്ചിട്ടുണ്ട്. എണ്ണ പ്രമുഖനായ ബ്രിട്ടീഷ് പെട്രോളിയവും സർവിസ് വഴിമാറ്റി. ഡിസംബറിൽ മാത്രം ഇതുവഴി ഇന്ധനകടത്ത് 50 ശതമാനത്തിലേറെ കുറവു വന്നതായി റിപ്പോർട്ടുകൾ പറയുന്നു. ചെങ്കടൽതീരത്തെ ആക്രമണസാധ്യത കണക്കിലെടുത്ത് കപ്പലുകൾ ആഫ്രിക്ക ചുറ്റിയാണ് സഞ്ചരിക്കുന്നത്. ഇത് എണ്ണവില വർധനക്കും ഇടയാക്കിയതോടെയാണ് ഹൂതി ഭീഷണി കടക്കാനെന്ന പേരിൽ പുതിയ സൈനിക സഖ്യം വരുന്നത്. എന്നാൽ, ഗസ്സയിൽ വംശഹത്യ അവസാനിപ്പിക്കുംവരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഹൂതികൾ പറയുന്നു.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ ലോകം മുഴുക്കെ പ്രതിഷേധം അലയടിക്കുമ്പോഴും ഉറച്ച പിന്തുണയുമായി യു.എസ് കൂടെയുള്ളതാണ് നെതന്യാഹുവിന് കരുത്തു പകരുന്നത്. മരണം 20,000 കടന്നിട്ടും ആക്രമണം അവസാനിപ്പിക്കുന്ന ഏത് അന്താരാഷ്ട്ര നീക്കവും ചെറുത്തുതോൽപിക്കുന്നതാണ് ബൈഡൻ ഭരണകൂട നിലപാട്. യു.എന്നിലുൾപ്പെടെ അത് തുടരുന്നു. ഇതിനു പിന്നാലെയാണ് ഹൂതികൾക്കെതിരെയെന്ന പേരിൽ പുതിയ സൈനിക സഖ്യത്തിന് രൂപം നൽകുന്നത്.
അതേ സമയം, ചരക്കു കടത്ത് സംരക്ഷണമെന്ന പേരിൽ യെമനിൽ യു.എസ് നേതൃത്വത്തിൽ സൈനിക നീക്കമുണ്ടാകുമോയെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുണ്ട്. തകർന്നുതരിപ്പണമായി കിടക്കുന്ന രാജ്യത്ത് ജനജീവിതം ഇത് കൂടുതൽ ദുസ്സഹമാക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.