യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി ഹൂതികൾ
text_fields[Handout / Houthi Media Center via Getty Images]
സൻആ: കനത്ത ആക്രമണത്തിനിടെ യു.എസ് ഡ്രോൺ വെടിവെച്ചിട്ടതായി യമനിലെ ഹൂതികൾ. എം.ക്യു-9 റീപ്പർ ഡ്രോണാണ് യമനിലെ മരിബ് മേഖലയിൽ വെടിവെച്ചിട്ടത്. തലസ്ഥാനമായ സൻആയിലും ഹൂതികളുടെ ശക്തികേന്ദ്രമായ സഅദയിലും യു.എസ് വ്യോമാക്രമണം നടന്നതിന് പിന്നാലെയാണ് സംഭവം. പ്രാദേശികമായി വികസിപ്പിച്ച മിസൈലുകൾ ഉപയോഗിച്ചാണ് എം.ക്യു-9 ഡ്രോൺ വെടിവെച്ചിട്ടതെന്ന് ഹൂതികളുടെ സൈനിക വക്താവ് ജനറൽ യഹ്യ സരീ പറഞ്ഞു.
ഇതുവരെ 20 എം.ക്യു-9 ഡ്രോണുകൾ വെടിവെച്ചിട്ടുണ്ടെന്നാണ് ഹൂതികളുടെ അവകാശവാദം. റീപ്പർ ഡ്രോൺ വെടിവെച്ചിട്ടെന്ന റിപ്പോർട്ട് യു.എസ് സൈന്യം സ്ഥിരീകരിച്ചു. എന്നാൽ, ഇതേക്കുറിച്ച് വിശദീകരിക്കാൻ അവർ തയാറായില്ല. 30 ദശലക്ഷം ഡോളർ വിലവരുന്നതാണ് ജനറൽ അറ്റോമിക്സ് റീപ്പർ ഡ്രോൺ. 12,300 മീറ്റർ ഉയരത്തിലും 30 മണിക്കൂർ സമയവും പറക്കാൻ കഴിയുന്നതാണ് ഈ ഡ്രോണുകൾ. വർഷങ്ങളോളം അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് സൈന്യവും രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും ഈ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്.
അതിനിടെ, ഹൂതികൾക്കും അവരെ സഹായിക്കുന്ന ഇറാനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ഹൂതികളും ഇറാനും ശരിക്കുള്ള വേദന അനുഭവിക്കാൻ പോകുന്നേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.