Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിലിനുനേരെ സൗദിയുടെ ആക്രമണമെന്ന് ഹൂതികൾ; കുട്ടിയുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ജയിലിനുനേരെ സൗദിയുടെ ആക്രമണമെന്ന് ഹൂതികൾ; കുട്ടിയുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു
cancel

സൻആ: യമനിലെ അൽ-ഹസ്ം നഗരത്തിലുള്ള ജയിലിനുനേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതായി ഹൂതി വിമതർ ആരോപിച്ചു. സംഭവത്തിൽ ഒരു കുട്ടിയുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ജൗഫ് പ്രവിശ്യയിലെ സെൻട്രൽ കറക്റ്റീവ് ഫെസിലിറ്റിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ഒരു സ്ത്രീയടക്കം കുറഞ്ഞത് ഏഴ് പേർക്ക് പരിക്കേറ്റതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വക്താവ് അനീസ് അൽ-അസ്ബഹി വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് തകർന്ന കെട്ടിടവും അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ തെരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസിറ ടി.വി സംപ്രേക്ഷണം ചെയ്തു. എന്നാൽ, ഈ ആരോപണങ്ങളോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹളർമൗത്ത് പ്രവിശ്യയിലെ അതിർത്തിയിൽ സൈനിക ഉപകരണങ്ങളുമായി സഞ്ചരിച്ച സൗദി സപ്ലൈ ട്രക്കുകൾക്ക് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങളും അൽ-മസിറ പുറത്തുവിട്ടിട്ടുണ്ട്. ജൗഫിൽ സൗദി അറേബ്യ കൂട്ടക്കൊലകൾ നടത്തുകയാണെന്നും കൂലിപ്പട്ടാളത്തിന് ആയുധങ്ങൾ എത്തിക്കുകയെന്നുമാണ് ഹൂതി വക്താവ് യഹ്‌യ സരി ആരോപിച്ചത്.

യമൻ ജനതക്കെതിരായ ഈ ക്രൂരതകൾ വെറുതെ വിടില്ലെന്നും സൗദി ശത്രുക്കൾ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജൗഫിൽ ‘ഹോസ്റ്റൈൽ മിഷനുകൾ’ നടത്തിയ ഒരു സി.എച്ച്-4 ഡ്രോൺ ഉൾപ്പെടെ നാല് സൗദി നിരീക്ഷണ ഡ്രോണുകൾ വെടിവച്ചുവീഴ്ത്തിയതായും സരി അവകാശപ്പെട്ടു. കഴിഞ്ഞ 12 മണിക്കൂറിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ഡ്രോണാണിത്. ഈ അവകാശവാദങ്ങളോടും സൗദി ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.

അതേസമയം, യമൻ സർക്കാറും ഹൂതികളും തമ്മിൽ രാജ്യത്ത് പുതിയ പോരാട്ടങ്ങൾ കനക്കുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ. ജൗഫ്, ബൈദ, ദാലെ, മാരിബ് പ്രവിശ്യകളിൽ ഞായറാഴ്ച തങ്ങൾ കാര്യമായനേട്ടങ്ങൾ കൈവരിച്ചതായി യമൻ സർക്കാർ വ്യക്തമാക്കിയിരുന്നു. തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഹൂതികൾ നടത്തിയ വലിയ ആക്രമണത്തിന് പിന്നാലെ തെയ്‌സ്, ഹുദൈദ എന്നിവിടങ്ങളിൽ സർക്കാർ അനുകൂല സേന പ്രത്യാക്രമണങ്ങൾ നടത്തിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറുകണക്കിന് ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്.

യമനിലെ സംഘർഷങ്ങൾ സർവ്വനാശത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ യു.എൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗ്, ഇരുവിഭാഗവും ഉടൻ തന്നെ ശത്രുത അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്ന് തിങ്കളാഴ്ച ആവശ്യപ്പെട്ടു.

യമനിലെ ദശാബ്ദക്കാലത്തെ യുദ്ധത്തിനിടയിൽ ജയിലുകൾക്ക് നേരെ വ്യോമാക്രമണങ്ങൾ നടക്കുന്നത് ആദ്യമായല്ല. 2022ൽ സാദ പ്രവിശ്യയിലെ തടങ്കൽ കേന്ദ്രത്തിന് നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 87 തടവുകാർ കൊല്ലപ്പെടുകയും 266 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2019ൽ ധമാർ പ്രവിശ്യയിലെ ഹൂതികളുടെ തടങ്കൽ കേന്ദ്രത്തിന് നേരെ സഖ്യസേന നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Houthis: Saudi Strike On Yemen Jail Kills seven
Next Story