എന്തുകൊണ്ട് ട്രംപ് തോറ്റു
text_fieldsയു.എസിൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആരു പ്രസിഡൻറാകുമെന്നത് വ്യക്തമായിരിക്കുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനാവും ഇനി അമേരിക്കയെ നയിക്കുക. ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡൻറ് പദത്തിലേക്ക് നടന്നടുക്കുേമ്പാൾ ട്രംപ് എന്തുകൊണ്ട് തോറ്റുവെന്ന ചോദ്യം പ്രസക്തമാണ്.
യു.എസിനെ ഇളക്കിമറിച്ച പ്രചാരണമാണ് ഡോണൾഡ് ട്രംപ് നടത്തിയത്. നിരവധി റാലികളും പ്രസംഗങ്ങളും നടത്തിയ ട്രംപ് പരസ്യങ്ങളിലൂടെയും ട്വീറ്റുകളിലൂടേയുമെല്ലാം പ്രചാരണം കൊഴുപ്പിച്ചു. ഇതിനിടെയിൽ കോവിഡിനെ യു.എസ് മറന്നുവെന്ന തോന്നലുണ്ടായി. സമ്പദ്വ്യവസ്ഥ തിരിച്ച് വരവ് നടത്തുകയാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാൻ ട്രംപിന് കഴിഞ്ഞുവെന്ന വിലയിരുത്തലുകളുണ്ടായി . നഗരങ്ങളിലെ വോട്ടർമാർ ട്രംപിനൊപ്പം നിൽക്കുമെന്ന ധാരണയും പരക്കെ പരന്നു. എതിരാളികൾ പോലും ഭയപ്പെട്ടയിടത്ത് നിന്നാണ് ട്രംപ് പരാജയത്തിലേക്ക് പതിച്ചത്. ജോ ബൈഡനെ വിജയിപ്പിച്ചതിലൂടെ ട്രംപിൻെറ അമേരിക്കയല്ല തങ്ങൾക്ക് ആവശ്യമെന്ന് വോട്ടർമാർ സംശയമില്ലാതെ പറയുകയായിരുന്നു.
റിപബ്ലിക്കൻ പാർട്ടിയേക്കാളും ഡോണൾഡ് ട്രംപെന്ന പ്രസിഡൻറിനോടുള്ള വിരോധമാണ് യു.എസ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഡെമോക്രാറ്റുകളിൽ വിശ്വാസമില്ലെങ്കിലും ട്രംപ് ഒരിക്കൽ കൂടി അധികാരത്തിലെത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പിൽ യു.എസിൻെറ പൊതുനയമെന്ന് ഡെമോക്രാറ്റിക് തെരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റ് സറാഹ് ലോങ്വെൽ പറഞ്ഞു. ഡെമോക്രാറ്റുകളോട് വിരോധം സൂക്ഷിക്കുന്ന പലർക്കും ഡോണൾഡ് ട്രംപ് യു.എസിൻെറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിനോട് വലിയ താൽപര്യമുണ്ടായിരുന്നില്ലെന്നതാണ് യഥാർഥ്യമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപബ്ലിക് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹം വ്യക്തമാക്കി.
രണ്ട് കാര്യങ്ങളാണ് യു.എസിൽ ട്രംപിൻെറ വിധിയെഴുതിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതിലൊന്ന് കോവിഡായിരുന്നുവെങ്കിൽ മറ്റൊന്ന് സാമ്പത്തിക പ്രതിസന്ധിയായിരുന്നു. 236,000 പേരുടെ ജീവൻ കോവിഡ് അമേരിക്കയിൽ കവർന്നെടുത്തുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. പ്രതിദിനം ആയിരത്തോളം മരണങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, കോവിഡിനെ ഫലപ്രദമായി നേരിടുന്നതിൽ അമേരിക്കൻ പ്രസിഡൻറും ഭരണകൂടവും സമ്പൂർണ്ണ പരാജയമായിരുന്നു. മുൻനിരയിൽ നിന്ന് കോവിഡിനെ നേരിടാൻ ട്രംപ് ഉണ്ടായില്ലെന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.
സെപ്തംബർ 11 ആക്രമണമുണ്ടായപ്പോൾ അത് ജോർജ്ജ് ബുഷിൻെറ ജനപ്രീതി കാര്യമായി ഇടിയുന്നതിലേക്ക് നയിച്ചിരുന്നില്ല. എന്നാൽ, കോവിഡ് ട്രംപിന് സൃഷ്ടിച്ചത് ചില്ലറ വെല്ലുവിളിയല്ല. കോവിഡല്ല യഥാർഥത്തിൽ അതിനെ ട്രംപ് നേരിട്ട രീതിയായിരുന്നു പ്രതിസന്ധിക്കുള്ള കാരണം. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയായിരുന്നു അമേരിക്കക്ക് നേരിടാനുണ്ടായിരുന്നത് അവിടെ ട്രംപ് എന്ന ഭരണാധികാരി സമ്പൂർണ്ണമായി പരാജയപ്പെട്ടു.
2008ലെ സാമ്പത്തിക പ്രതിസന്ധി മുതൽ യു.എസ് സമ്പദ്വ്യവസ്ഥയുടെ സ്ഥിതി അത്ര മെച്ചമല്ല. പൂർണമായും തിരിച്ചുവരാൻ സമ്പദ്വ്യവസ്ഥക്ക് ഇനിയും കഴിഞ്ഞിട്ടുമില്ല. എന്നാൽ, ട്രംപിൻെറ ഭരണകാലത്ത് യു.എസിലെ സാമ്പത്തിക വീണ്ടും മോശമായെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അമേരിക്ക ആദ്യമെന്ന നയത്തിലൂന്നി ട്രംപ് പ്രവർത്തിച്ചുവെങ്കിലും അതൊന്ന് കാര്യമായി സമ്പദ്വ്യവസ്ഥയെ സ്വാധീനിച്ചില്ല. ഇതുകൂടാതെ കോവിഡും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വീണ്ടും അധികാരത്തിലെത്താമെന്ന ട്രംപിൻെറ മോഹങ്ങൾക്ക് തടയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.