തകർന്നതെങ്ങനെ? അന്വേഷണം ഊർജിതം
text_fieldsബോസ്റ്റൺ: അഞ്ച് സാഹസിക സഞ്ചാരികളുടെ മരണത്തിനിടയാക്കിയ ‘ടൈറ്റൻ’ ദുരന്തം സംഭവിച്ചതെങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണം ഊർജിതം. ജലയാനത്തിന്റെ രൂപകല്പനയിലെ പിഴവിലേക്ക് തന്നെയാണ് ദുരന്തം വിരൽചൂണ്ടുന്നത്. ടൈറ്റാനിയവും കാർബൺ ഫൈബറും ചേർന്ന മിശ്രിതം കൊണ്ട് നിർമിച്ച അന്തർവാഹിനിക്ക് ഉയർന്ന സമ്മർദം താങ്ങാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ.
ജലപേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾതന്നെ പൊട്ടിത്തെറി സംഭവിച്ചിരിക്കാമെന്ന് യു.എസ് കോസ്റ്റ്ഗാർഡ് അധികൃതർ പറയുന്നു. ഉത്തര അത്ലാൻഡിക്കിലുണ്ടായിരുന്ന യു.എസ് നാവിക കപ്പലിന് ഇതേസമയം പൊട്ടിത്തെറി സിഗ്നൽ ലഭിച്ചിരുന്നു.
കടലിനടിയിലെ ശബ്ദങ്ങൾ നിരീക്ഷിക്കുന്ന കപ്പലിലെ ഉപകരണത്തിലാണ് പൊട്ടിത്തെറി രേഖപ്പെടുത്തിയത്. അന്തർവാഹിനികളുടെ നീക്കം നിരീക്ഷിക്കാനാണ് നാവിക സേന കപ്പൽ ഈ സംവിധാനം ഉപയോഗിക്കുന്നത്. രക്ഷാപ്രവർത്തനം നടത്തുന്ന കോസ്റ്റ്ഗാർഡിന് നാവിക സേന ഉടൻ വിവരം കൈമാറിയിരുന്നു.
ജലപേടകവുമായി ബന്ധം നഷ്ടമായെന്ന് അറിഞ്ഞപ്പോൾതന്നെ അത് പൊട്ടിത്തെറിച്ചുവെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ‘ടൈറ്റാനിക്’ സംവിധായകൻ ജെയിംസ് കാമറോൺ പറഞ്ഞു. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി അദ്ദേഹം 33 തവണ കപ്പൽ കാണാൻ പോയിരുന്നു. ‘ടൈറ്റൻ’ രൂപകല്പനയിലെ പിഴവുതന്നെയാണ് അദ്ദേഹവും ചൂണ്ടിക്കാണിച്ചത്.
2021, 2022 വർഷങ്ങളിൽ 46ഓളം പേർ ഓഷ്യൻ ഗേറ്റിന്റെ യാത്രയിൽ പങ്കെടുത്തിട്ടുണ്ട്. ഭയപ്പെടുത്തുന്ന അനുഭവമാണിതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജലപേടകത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക കമ്പനിയുടെ മറൈൻ ഓപറേഷൻസ് മുൻ ഡയറക്ടർ ഡേവിഡ് ലോക്റിഡ്ജും പങ്കുവെച്ചിരുന്നു.
കടലിനടിയിലെ കനത്ത മർദം ജലപേടകത്തിന് താങ്ങാനാകില്ലെന്നും പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സുരക്ഷ ആശങ്ക കമ്പനി തള്ളുകയായിരുന്നു.
സാധ്യത ഇങ്ങനെ
കടലിനടിയിലെ ഉയർന്ന മർദം താങ്ങാൻ അന്തർവാഹിനികളുടെ മർദ അറ (പ്രഷർ ചേംബർ) ഏതെങ്കിലും ഒരു ലോഹം കൊണ്ടാണ് നിർമിക്കാറുള്ളത്. 300 മീറ്റർ വരെ പോകുന്നവക്ക് ഉരുക്കും കൂടുതൽ ആഴത്തിലേക്ക് പോകുന്നവക്ക് ടൈറ്റാനിയവും ഉപയോഗിക്കും. എന്നാൽ ‘ടൈറ്റനി’ൽ ഉപയോഗിച്ചത് ടൈറ്റാനിയവും കാർബൺ ഫൈബറും ചേർന്ന മിശ്രിതമാണ്. രണ്ടുതരം സ്വഭാവമുള്ള ലോഹങ്ങളായതിനാൽ സ്ട്രക്ചറൽ എൻജിനീയർമാർ ഇത് ഒരിക്കലും ശിപാർശ ചെയ്യാറില്ല.
ടൈറ്റാനിയം ഇലാസ്തികതയുള്ള ലോഹമായതിനാൽ പുറത്തെ മർദത്തിനനുസരിച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. എന്നാൽ കാർബൺ ഫൈബറിന് ഇലാസ്തികതയില്ല. രണ്ട് ലോഹങ്ങളും ഒന്നിച്ച് ഉപയോഗിക്കുമ്പോൾ എന്താകും ഫലമെന്നതിനെക്കുറിച്ച് കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.
പുറത്തെ സമ്മർദം താങ്ങാനാകാതെ ജലയാനം വശങ്ങളിൽനിന്ന് ഉള്ളിലേക്ക് ചുരുങ്ങി പൊട്ടിത്തെറിച്ചതാകാനാണ് (ഇംേപ്ലാഷൻ) സാധ്യതയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രശ്നം ശ്രദ്ധയിൽപെട്ട് മനുഷ്യമസ്തിഷ്കത്തിന് എന്തെങ്കിലും ചിന്തിക്കാൻ കഴിയുംമുമ്പ് തന്നെ പൊട്ടിത്തെറി നടന്നിരിക്കാം.
സങ്കടക്കടലിലും നന്ദിയോടെ ദാവൂദ് കുടുംബം
പ്രിയപ്പെട്ടവരുടെ വേർപാടിന്റെ സങ്കടത്തിന്റെ ആഴത്തിലും പ്രാർഥനയോടെ കൂടെനിന്നവർക്കും തിരച്ചിൽ സംഘത്തിനും നന്ദി അറിയിച്ച് ദാവൂദ് കുടുംബം. ‘‘സങ്കൽപ്പിക്കാനാവാത്ത ഈ നഷ്ടം സഹിക്കാൻ നിങ്ങളുടെ അളവറ്റ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് കരുത്താണ്.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരോടും ഞങ്ങൾ കടപ്പെട്ടവരാണ്. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.’’ ദാവൂദ് കുടുംബം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.