ഭൂമി കുലുങ്ങുമ്പോഴും കുലുങ്ങാത്ത ആത്മവീര്യവുമായി നഴ്സുമാർ; തുർക്കി ആശുപത്രിയിലെ നവജാത ശിശുക്കളെ രക്ഷിച്ചതിങ്ങനെ ... വിഡിയോ
text_fieldsഗാസിയാൻടെപ്: നഴ്സുമാർ ഭൂമിയിൽ ദൈവിക സ്പർശമുള്ള മാലാഖമാരാണ്. അത്തരമൊരു കാഴ്ചയാണ് തുർക്കിയിൽ നിന്ന് വരുന്നത്. നിന്ന നിൽപ്പിൽ ഭൂമി കുലുങ്ങുമ്പോൾ ഓടി രക്ഷപ്പെടാനാണ് എല്ലാവരും ആദ്യം ശ്രമിക്കുക. തകർന്നുവീഴുന്ന കെട്ടിടത്തിനടിയിൽ പെടാതിരിക്കാൻ എല്ലാവരും കെട്ടിടങ്ങൾ വിട്ട് പുറത്തേക്കോടും. എന്നാൽ തുർക്കിയിലെ അതിശക്തമായ ഭൂകമ്പത്തിൽ ആശുപത്രി കുലുങ്ങിയപ്പോൾ നവജാത ശിശു പരിചരണ വിഭാഗത്തിലെ നഴ്സുമാർ സ്വന്തം ജീവൻ രക്ഷിക്കാനല്ല ആദ്യം ഓടിയത്. തങ്ങൾ പരിചരിക്കുന്ന കുഞ്ഞുങ്ങൾ താഴെ വീഴാതെ രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ പരിചരണ വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു. കുഞ്ഞുങ്ങളെ കിടത്തിയ യൂനിറ്റുകൾ ഇളകി വീഴാതിരിക്കാൻ നഴ്സുമാർ ചേർത്തു പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഡെവ്‌ലെറ്റ് നിസാം, ഗാസ്വൽ കാലിസ്കൻ എന്നിവരാണ് ഈ മാലാഖമാർ. ഗാസിയാൻടെപ്പിലെ ആശുപത്രിയിലെ സിസിടിവി കാമറ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വിഡിയോയിൽ ഭൂകമ്പം തുടങ്ങുമ്പോൾ തന്നെ നഴ്‌സുമാർ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ഭൂകമ്പത്തിൽ കുലുങ്ങുന്ന ബേബി ഇൻകുബേറ്ററുകൾ താഴെ വീഴാതെ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുർക്കി രാഷ്ട്രീയക്കാരിയായ ഫാത്മ സാഹിൻ തന്‍റെ ട്വിറ്ററിലൂടെയാണ് വിഡിയോ പങ്കുവെച്ചത്.
തിങ്കളാഴ്‌ച റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നിരുന്നു. 28,000ഓളം പേരാണ് ഭൂകമ്പത്തിൽ ഇതുവരെ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.