ഗസ്സയിൽ മരണംവിതച്ചാൽ ഇസ്രായേലിൽ പ്രതിപക്ഷം ഭരണമേറില്ല; നെതന്യാഹുവിെൻറ തന്ത്രം തുറന്നുപറഞ്ഞ് കക്ഷി നേതാക്കൾ
text_fieldsജറൂസലം: മസ്ജിദുൽ അഖ്സയിലും ജറൂസലമിലും സുരക്ഷാസേനയെ ഉപയോഗിച്ച് അകാരണമായി ആക്രമണം തുടങ്ങി ഗസ്സയിൽ കൊടുങ്കാറ്റ് വിതച്ച നെതന്യാഹുവിെൻറ യഥാർഥ ലക്ഷ്യം എന്തായിരുന്നു? ആദ്യം ഇസ്രായേലീ ഇടതുപക്ഷവും പിന്നീട് മുൻ പ്രതിരോധ മന്ത്രി മോശെ യാലോണും തുറന്നുപറഞ്ഞ ആരോപണം കൂടുതൽ രാഷ്ട്രീയ നേതാക്കൾ ഏറ്റുപിടിക്കുകയാണ് ഇസ്രായേലിലിപ്പോൾ. ''പുതിയ സംഘർഷത്തിൽ നേട്ടം നെതന്യാഹുവിനും ഹമാസിനും മാത്രമാണ്. അതും ആഭ്യന്തര രാഷ്ട്രീയ കാരണങ്ങൾ''- എന്നായിരുന്നു കഴിഞ്ഞ ദിവസം യാലോണിെൻറ ട്വീറ്റ്.
മറ്റൊരു മുൻ പ്രതിരോധ മന്ത്രിയും യിസ്റയേൽ ബെയ്തനു കക്ഷി അധ്യക്ഷനുമായ അവിഗ്ദർ ലീബർമാൻ ഇതേ ആരോപണം കൂടുതൽ വ്യക്തമായ ഭാഷയിൽ ആവർത്തിക്കുന്നു. ''ആക്രമണത്തിെൻറ ലക്ഷ്യം നെതന്യാഹുവിെൻറ ജനസമ്മതി ഉയർത്തൽ മാത്രമാണ്. ഭരണരൂപവത്കരണത്തിന് ജനവിധി ലാപിഡിനൊപ്പമാകുന്നിടത്തോളം നെതന്യാഹു ആക്രമണം തുടരും''.
ആഗോള തലത്തിൽ ഇസ്രായേലിനെതിരെ കടുത്ത പ്രതിഷേധമുയരുേമ്പാഴും ആക്രമണവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി. ജറൂസലം പഴയ നഗരത്തിൽ അൽഅഖ്സ മസ്ജിദിെൻറ ഡമസ്കസ് കവാടത്തിനരികെ ഉയർത്തിയ സുരക്ഷാമതിൽ എടുത്തുമാറ്റാമായിരുന്നിട്ടും നൂറുകണക്കിന് ഫലസ്തീനികൾക്ക് പരിക്കുപറ്റിയ സംഘർഷമാക്കി മാറ്റാനായിരുന്നു നെതന്യാഹുവിെൻറ ശ്രമം. പള്ളിക്കകത്ത് സ്റ്റൺ ഗ്രനേഡ് എറിയാൻ പോലും ഉത്തരവിട്ടതോടെ ഫലസ്തീനികൾ ശക്തമായി രംഗത്തെത്തുകയായിരുന്നു.
ജറൂസലമിലെയും ഗസ്സയിലെയും ആക്രമണത്തിന് മുമ്പുതന്നെ പ്രതിപക്ഷ നേതാവ് യായർ ലാപിഡ് ഇതേ വിഷയം മുന്നറിയിപ്പ് നൽകിയിരുന്നു: ''ഭരണം നഷ്ടമാകുമെന്ന് നെതന്യാഹു ഭയന്നാൽ ഗസ്സയിലോ വടക്കൻ അതിർത്തിയിലോ ആക്രമണമുണ്ടാകും. അതുമാത്രമാണ് പോംവഴിയെന്ന് ബോധ്യമായാൽ പിന്നെ മടിക്കില്ല''- ഭരണമുണ്ടാക്കുമെന്ന് കരുതുന്ന വൈറ്റ് ആൻറ് ബ്ലൂ സഖ്യം ചെയർമാൻ ബെന്നി ഗാൻറ്സിനോടായിരുന്നു മുന്നറിയിപ്പ്. വാക്കുകൾ പ്രവചനമായി പുലർന്നതിന് ലോകം സാക്ഷി.
കഴിഞ്ഞ രണ്ടു വർഷമായി നെതന്യാഹുവിന് ഭരണം ഉറപ്പാക്കാനായിട്ടില്ല. നാലു തെരഞ്ഞെടുപ്പുകൾ നേരിട്ടിട്ടും ഭൂരിപക്ഷം മാത്രം ലഭിച്ചില്ല. എന്നല്ല, ലാപിഡും ഗാൻറ്സും നേതൃത്വം നൽകുന്ന 'പരിവർത്തന സഖ്യം' അധികാരം പിടിക്കുമെന്നുവരെയായിരുന്നു ഗസ്സ ആക്രമണത്തിന് തൊട്ടുമുമ്പുവരെ കാര്യങ്ങൾ. നാഫ്തലി ബെനറ്റ്, ഗിഡിയോണ സാർ, മിറാവ് മൈക്കലി, നിറ്റ്സാൻ ഹോറോവിറ്റ്സ് തുടങ്ങിയവർ നേതൃത്വം നൽകുന്നതായിരുന്നു പ്രതിപക്ഷ സഖ്യം. ഇവരെ അധികാര രൂപവത്കരണത്തിന് പ്രസിഡൻറ് ക്ഷണിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പുവരെ കേവല ഭൂരിപക്ഷത്തിന് നാലു വോട്ട് മാത്രം കുറവ്. ഇതാകട്ടെ, മൻസൂർ അബ്ബാസ് നേതൃത്വം നൽകിയ ഫലസ്തീനി അറബ് കക്ഷിയായ റാം പാർട്ടി ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, ആക്രമണമുണ്ടായതോടെ സഖ്യത്തിെൻറ ഭാഗമാകേണ്ടിയിരുന്ന റാം പാർട്ടി പിൻവാങ്ങി. നാഫ്തലി ബെനറ്റും കൂറുമാറി നെതന്യാഹുവിനൊപ്പം ചേരുകയാണെന്ന് സൂചിപ്പിച്ചു. ഇനി പ്രതിപക്ഷം അധികാരമേറുക അസംഭവ്യമായ സാധ്യത മാത്രമായി ചുരുങ്ങി- ഫലസ്തീനികളുടെയും ഇസ്രായേലികളുടെയും ജീവൻ നഷ്ടപ്പെടുത്തിയാലും അധികാരം നെതന്യാഹുവിനൊപ്പമെന്നു സാരം.
നെതന്യാഹു പുറത്തായാൽ അഴിമതി, കൈക്കുലി കേസുകളിൽ വിചാരണ നേരിടേണ്ടിവരുന്ന 'അപകടകരമായ സാഹചര്യ'വും ഇതോടെ ഒഴിവായി.
പ്രതിപക്ഷ സഖ്യത്തിെൻറ ഭാഗമായ പല നേതാക്കളും ഹമാസിനെതിരെ ആക്രമണം കനത്തതോടെ നെതന്യാഹുവിനൊപ്പമാണ്. അതാണ്, അദ്ദേഹത്തിന് തുണയാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.