ലോകം പുതുവത്സരം വരവേറ്റതിങ്ങനെ...
text_fieldsപ്രതീക്ഷയുടെ പുതുവെട്ടവുമായി ലോകം പുതിയ വർഷത്തിലേക്ക് കടന്നപ്പോൾ കോവിഡിന്റെ പിടി അയഞ്ഞതിന്റെ തിമിർപ്പ് ആഘോഷങ്ങളിൽ കാണാമായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് കാരണം വിപുലമായ ആഘോഷം നടന്നിരുന്നില്ല.
വിവിധ ലോകനഗരങ്ങളിൽ വെടിക്കെട്ടും സംഗീതനിശകളും ആഘോഷത്തിന് കൊഴുപ്പേകി. പാരിസ്, ലണ്ടൻ, ന്യൂയോർക്, മ്യൂണിക്, സോൾ, മഡ്രിഡ്, സിഡ്നി തുടങ്ങി വിവിധ നഗരങ്ങളിലെ വലിയ ആഘോഷ പരിപാടികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. തെരുവുകളും കെട്ടിടങ്ങളും അലങ്കരിച്ചിരുന്നു. പാരിസിൽ വെടിക്കെട്ട് കാണാൻ അഞ്ചുലക്ഷം പേരാണ് ഒത്തുകൂടിയത്. ചെറുനഗരങ്ങളും ഗ്രാമങ്ങളും വരെ ആഘോഷത്തിമിർപ്പിലായിരുന്നു. പോപ് ബെനഡിക്ട് 16ാമന്റെ മരണം കത്തോലിക്ക വിശ്വാസികളുടെ ആഘോഷത്തിൽ കരിനിഴലായി.
അർജന്റീനക്ക് പെരുന്നാൾ
ഫുട്ബാൾ ലോകകിരീടം സ്വന്തമാക്കിയതിന്റെ തിളക്കം അർജന്റീനയിലെ പുതുവത്സരാഘോഷത്തിൽ ദൃശ്യമായി. അതേസമയം, പുതുവത്സര തലേന്ന് ഫുട്ബാൾ ഇതിഹാസം പെലെ മരിച്ചത് ബ്രസീലിനെ ദുഃഖത്തിലാഴ്ത്തി. അവിടെയും ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പെലെ എത്രമാത്രം ബ്രസീലുകാർക്ക് പ്രിയപ്പെട്ടതാണ് എന്ന് വ്യക്തമാകുന്നുണ്ടായിരുന്നു.
ചൈനയിലും ആഘോഷം
അടുത്തിടെ നിയന്ത്രണങ്ങൾ നീക്കിയ ചൈനയിൽ വിവിധ നഗരങ്ങളിൽ വിപുലമായ ആഘോഷം നടന്നു. ജാഗ്രത മൂലം ചിലർ സ്വമേധയാ വിട്ടുനിന്നു.
യുക്രെയ്ൻ ശോകം
പുതുവർഷപ്പുലരിയിലും യുക്രെയ്നിൽ റഷ്യ മിസൈൽ വർഷം നടത്തി. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടതിനാൽ യുക്രെയ്നിന്റെ വലിയൊരു ഭാഗത്ത് വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. വീടും നാടും വിട്ടൊഴിയേണ്ടി വന്നവർ ആഘോഷത്തിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കുന്ന നിമിഷങ്ങളിലും മിസൈൽ മുന്നറിയിപ്പ് സൈറൺ മുഴക്കമായിരുന്നു കേട്ടിരുന്നത്. ധീരമായി നിലകൊള്ളാനും പോരാടുന്ന സൈനികർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പുതുവത്സര സന്ദേശത്തിൽ ഉണർത്തി.
തണുപ്പുമാറാതെ അമേരിക്ക
ക്രിസ്മസ് ആഘോഷത്തിന് മുമ്പായി തുടങ്ങിയ അമേരിക്കയിലെ അതിശൈത്യം അൽപം കുറഞ്ഞുവെങ്കിലും സുഖകരമായി എന്നു പറയാനായിട്ടില്ല. അതേസമയം, അമേരിക്കൻ നഗരങ്ങളിൽ ആഘോഷ പരിപാടികൾ വിപുലമായി തന്നെ നടന്നു.
ആഘോഷമില്ലാതെ മലേഷ്യ
ക്വാലാലംപൂരിൽ ഡിസംബറിൽ മണ്ണിടിച്ചിലിൽ 31 പേർ മരിച്ച സാഹചര്യത്തിൽ മലേഷ്യൻ സർക്കാൻ ഇത്തവണ പുതുവത്സരാഘോഷം റദ്ദാക്കിയിരുന്നു.
ഉഗാണ്ടയിൽ ദുരന്തം
ഉഗാണ്ടയിൽ പുതുവത്സരാഘോഷ തിരക്കിൽപെട്ട് ഒമ്പതു പേർ മരിച്ചു. ഉഗാണ്ടയിലെ കാംപാലയിലെ ഫ്രീഡം സിറ്റി മാളിന് പുറത്ത് വെടിക്കെട്ട് നടക്കുന്നതിനിടെയാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഉയരാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽപെട്ടവരിൽ കുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.