ആരോഗ്യത്തേക്കാൾ ട്രംപിന് മുഖ്യം രാഷ്ട്രീയം, ആകെ കുഴങ്ങി വൈറ്റ് ഹൗസിലെ ഡോക്ടർമാർ
text_fieldsന്യൂയോർക്ക്: സ്വന്തം ആരോഗ്യത്തേക്കാൾ രാഷ്ട്രീയത്തിന് മുൻഗണന നൽകുന്ന 'വി.ഐ.പി രോഗി'യെക്കൊണ്ട് കുഴങ്ങിയിരിക്കുകയാണ് ഡോ. സീൻ കോൺലിയും സംഘവും. ലോകത്തെ ഏറ്റവും അധികാരമുള്ള മനുഷ്യനാണ് ഈ രോഗിയെന്നതൊന്നും കൊറോണ വൈറസിനറിയില്ലല്ലോ. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ചികിത്സ ഏറെ ശ്രമകരമായി വൈറ്റ് ഹൗസ് മെഡിക്കൽ യൂനിറ്റിന് അനുഭവപ്പെടുന്നത് 'അനുസരണക്കേട്' കൊണ്ടുതന്നെ.
ട്രംപിെൻറ ആരോഗ്യ സംരക്ഷണത്തോടൊപ്പം രോഗം മറ്റുള്ളവരിലേക്ക് പകരാതെ കാക്കുകയെന്നതും ഇപ്പോൾ വൈദ്യസംഘത്തിനുമുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. രോഗം ഭേദമാകുന്നതിനു മുമ്പുതന്നെ പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ പ്രചാരണങ്ങളിലേക്ക് വീണ്ടുമിറങ്ങാൻ ട്രംപ് ഒരുങ്ങുന്നത് ഇവരെ ചില്ലറയൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കുന്നത്.
പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള മാർഗനിർദേശങ്ങളേക്കാൾ രാഷ്ട്രീയ കാര്യങ്ങൾക്ക് ട്രംപ് മുൻതൂക്കം നൽകുേമ്പാൾ ഡോ. കോൺലിയുടെ ഓഫിസ് വൈറ്റ്ഹൗസ് ജോലിക്കാരെയും സന്ദർശകരെയും പ്രസിഡൻറിനെത്തന്നെയും കോവിഡിെൻറ ഭീഷണിയിൽനിന്ന് രക്ഷിച്ചെടുക്കാൻ പെടാപ്പാട് പെടേണ്ട അവസ്ഥയിലാണ്. ട്രംപിെൻറ മുതിർന്ന വൈറ്റ്ഹൗസ് ഉപദേശകൻ സ്റ്റീഫൻ മില്ലർക്ക് കോവിഡ് സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. ഓരോ ദിവസവും വൈറ്റ് ഹൗസ് സ്റ്റാഫിൽ പലരും കോവിഡ് ബാധിതരാകുന്നതാണ് ഡോക്ടർമാരുടെ സംഘത്തെ കുഴക്കുന്നത്.
വൈറ്റ്ഹൗസിൽ ഐസൊലേഷനിൽ കഴിയുന്ന ട്രംപിന് എപ്പോഴാണ് പ്രചാരണങ്ങളിൽ തിരിച്ചെത്താൻ കഴിയുകയെന്നത് ഉറപ്പായിട്ടില്ല. പ്രചാരണത്തിലും ഫണ്ട് സ്വരൂപിക്കുന്നതിലും ജോ ബൈഡനേക്കാൾ പിന്നിൽനിൽക്കുന്ന ട്രംപ് അതുകൊണ്ടുതന്നെ ഉടൻ ഗോദയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുകയാണ്. പെട്ടെന്ന് പ്രചാരണങ്ങളിൽ സജീവമാകുന്നത് ട്രംപിെൻറ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ, കൂടുതൽ കാത്തിരിക്കുന്നത് മാനസികമായി ട്രംപിനെ സമ്മർദത്തിലാക്കുകയും ചെയ്യും.
നിരുത്തരവാദപരമായ പ്രസ്താവനകൾ
ഡോക്ടർമാർ രോഗിക്ക് നിർദേശം നൽകുകയെന്നതിനു പകരം ട്രംപിെൻറ കാര്യത്തിൽ അതു നേരെ തിരിച്ചാണ്. നിരുത്തരവാദപരമായ പ്രസ്താവനകളും നിർദേശങ്ങളും 'രോഗി'യിൽനിന്ന് ഇടക്കിടെ ഉണ്ടാകുന്നത് ഡോക്ടർമാരെ അലോസരപ്പെടുത്തുന്നുണ്ട്. മാസ്ക് ധരിക്കാൻ ഇപ്പോഴും വിമുഖത കാട്ടുന്നു. കോവിഡ് ഒരു പ്രശ്നമല്ലെന്ന രീതിയിൽ ചൊവ്വാഴ്ചയും പ്രസിഡൻറ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററും ഫേസ്ബുക്കും ട്രംപിെൻറ ഈ പ്രസ്താവന നീക്കം ചെയ്തു. രോഗത്തിെൻറ കഠിനഘട്ടത്തിലുള്ള കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകളും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിക്കാത്ത 'ആൻറിബോഡി കോക്ടെയിലും' ട്രംപ് ഇതിനകം സേവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതൊക്കെയാണെങ്കിലും ട്രംപിനെ ന്യായീകരിച്ചു മാത്രമാണ് ഡോക്ടർമാരുടെ സംഘം പ്രസ്താവനയിറക്കുന്നത്. പ്രസിഡൻറിൽ ഇപ്പോൾ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് ചൊവ്വാഴ്ച കോൺലി വിശദീകരിച്ചത്. പ്രസിഡൻറിെൻറ ആരോഗ്യവിവരങ്ങൾ സമ്പൂർണമായി പുറത്തുപറയാത്തതിനെതിരെ വിമർശനവും ചില കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ഇതോടെ, കോൺലിയുടെ പ്രസ്താവനകൾ രാഷ്ട്രീയ താൽപര്യങ്ങളോടെയുള്ളതല്ലെന്നും അദ്ദേഹം സത്യം മാത്രമാണ് പറയുന്നതെന്നും വ്യക്തമാക്കി വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡീറെ രംഗത്തെത്തി. അതേസമയം, വൈറ്റ്ഹൗസിലെ രോഗബാധിതരുടെ സമ്പർക്കപ്പട്ടിക പിന്തുടരുന്നതിൽ കോൺലിയുടെ ഓഫിസിന് വീഴ്ച പറ്റിയതായും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.