നമ്മളെങ്ങനെ നമ്മളായി; സ്വാന്തെ പഠിച്ചത് മനുഷ്യന്റെ പരിണാമം
text_fieldsസ്റ്റോക് ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്തെ പാബോ പഠിച്ചത് ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവും. പുരാതന മനുഷ്യനായ ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്ന് കണ്ടെത്തിയ ഗവേഷണത്തിനാണ് അംഗീകാരം.
40,000 വർഷം മുമ്പുണ്ടായിരുന്ന അസ്ഥിയിൽ പരീക്ഷണം നടത്തിയാണ് വംശനാശം സംഭവിച്ച നിയാണ്ടർത്തലുകളുമായും ഡെനിസോവന്മാരുമായും ആധുനിക മനുഷ്യർ ഡി.എൻ.എ പങ്കിടുന്നുവെന്ന് അദ്ദേഹം തെളിയിച്ചത്.രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്തെ.
സ്വീഡൻകാരനായ ആൽഫ്രഡ് നൊബേലിന്റെ പേരിലുള്ള പുരസ്കാരം സ്വാന്തെയിലൂടെ സ്വീഡനിലേക്കെത്തുമ്പോൾ അത് അർഹിക്കുന്ന കൈകളിലേക്ക് തന്നെയെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. സ്വാന്തെയുടെ ഗവേഷണം പാലിയോജെനോമിക്‌സ് എന്ന പുതിയൊരു ശാസ്ത്രശാഖക്ക് കാരണമായി നൊബേല്‍ പ്രഖ്യാപനത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ പിതാവ് സുനെ ബെർഗ് സ്ട്രോം 1982ൽ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.