മോദിയെ വിമർശിച്ച് സെലൻസ്കി; 'റഷ്യൻ സന്ദർശനം ഏറെ നിരാശയുണ്ടാക്കി, സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടി'
text_fieldsകിയവ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി. മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു.
'റഷ്യയുടെ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ഇന്ന് 37 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 170 പേർക്കാണ് പരിക്കേറ്റത്. യുക്രെയ്നിലെ ഏറ്റവും വലിയ കുഞ്ഞുങ്ങളുടെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അർബുദരോഗികളെയാണ് ലക്ഷ്യമാക്കിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ് നിരവധി പേർ.
അങ്ങനെയൊരു ദിവസം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തക്കൊതിയനായ കുറ്റവാളിയെ ആലിംഗനം ചെയ്യുമ്പോൾ അത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയുമാണ്' -സെലൻസ്കി പറഞ്ഞു.
രണ്ട് ദിന റഷ്യൻ സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 22ാമത് ഇന്ത്യ- റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഇന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്.
റഷ്യയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് മോദി സന്ദർശനത്തിനിടെ പ്രഖ്യാപിച്ചിട്ടുണ്ട്. കസാൻ, യെകാതറിൻ ബർഗ് എന്നിവിടങ്ങളിലാണ് കോൺസുലേറ്റുകൾ തുറക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യാത്രയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനമെന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ട് വർഷം മുമ്പ് ഇന്ത്യയും റഷ്യയും 'നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ' വഴിയാണ് ആദ്യ ചരക്ക് അയച്ചത്. അത് ശ്രദ്ധേയമായ നേട്ടമായിരുന്നു. ഇപ്പോൾ ഇന്ത്യയും റഷ്യയും ചേർന്ന് 'ചെന്നൈ-വാൽഡിവോസ്റ്റോക്ക് ഈസ്റ്റേൺ ഇടനാഴി' തുറക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
21-ാം നൂറ്റാണ്ടിൽ ഇന്ത്യ നിർവഹിക്കുക 'വിശ്വ ബന്ധു' (ലോകത്തിന്‍റെ സുഹൃത്ത്) എന്ന റോളായിരിക്കും. ഗംഗ-വോൾഗ സംഭാഷണങ്ങളിലൂടെയും നാഗരികതയിലൂടെയും ഇരുരാജ്യങ്ങൾ തമ്മിൽ പരസ്പരം കണ്ടെത്തുകയാണ് ചെയ്യുന്നത്. 2015ൽ റഷ്യയിൽ വരുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് താൻ പറഞ്ഞിരുന്നു. 'വിശ്വബന്ധു എന്ന നിലയിൽ ഇന്ന് ഇന്ത്യ ലോകത്തിന് പുതിയ ആത്മവിശ്വാസം പകരുന്നു -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.