വൈദ്യുതിയില്ല; പാകിസ്താനിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുമെന്ന് ടെലികോം കമ്പനികൾ
text_fieldsഇസ്ലാമാബാദ്: രാജ്യത്താകമാനം ദീർഘനേരം വൈദ്യുത ബന്ധം തടസപ്പെട്ടതിനെ തുടർന്ന് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താനിലെ ടെലികോം ഓപ്പറേറ്റർമാർ. രാജ്യത്ത് മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കം അനുഭവപ്പെടുന്നതിനാൽ മൊബൈൽ, ഇൻർനെറ്റ് സേവനങ്ങൾ നിർത്തിവെക്കേണ്ടി വരുമെന്ന് ടെലികോം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതമുടക്കം ടെലികോം പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനാലാണ് നിർത്തിവെക്കേണ്ടി വരുന്നതെന്ന് നാഷണൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡ് വ്യക്തമാക്കി.
ജൂലൈയിൽ രാജ്യം കൂടുതൽ സമയം ലോഡ്ഷെഡ്ഢിങ്ങിലേക്ക് പോകുമെന്ന് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഷഹബാസ് ശെരീഫ് മുന്നറിയിപ്പ് നൽകിയത്. പാകിസ്താന് ആവശ്യത്തിനുള്ള ദ്രവീകൃത പ്രകൃതി വാതകം(എൽ.എൻ.ജി) ലഭിക്കുന്നില്ല. പ്രകൃതി വാതകം ലഭ്യമാക്കാൻ വേണ്ട ശ്രമങ്ങൾ സഖ്യ സർക്കാർ ആരംഭിച്ചുകഴിഞ്ഞുവെന്നും ശെരീഫ് പറഞ്ഞിരുന്നു.
പാകിസ്താനിലെ ഇന്ധന ഇറക്കുമതി നാലു വർഷത്തിൽ ഏറ്റവും ഉയർന്ന നിലയിലായിരുന്നു ജൂണിലെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം, ഉഷ്ണതരംഗം മൂലം എൽ.എൻ.ജിയുടെ ആവശ്യകത വർധിച്ചതാണ് ഊർേജ്ജാത്പാദനത്തിന് ആവശ്യമായ എൽ.എൻ.ജി വാങ്ങുന്നതിന് രാജ്യം ബുദ്ധിമുട്ടുന്നത്.
ജൂലൈയിലെ എൽ.എൻ.ജി വിതരണത്തിനുള്ള ടെണ്ടറിൽ പങ്കെടുത്ത വിതരണക്കാർ വലിയ തുക ആവശ്യപ്പെടുകയും ടെണ്ടറിൽ പങ്കെടുത്തവരുടെ എണ്ണം കുറയുകയും ചെയ്തപ്പോൾ പാകിസ്താൻ കരാർ ഉറപ്പിച്ചിരുന്നില്ല. ഇതാണ് നിലവിൽ എൽ.എൻ.ജി ക്ഷാമത്തിലേക്കും വൈദ്യുത മുടക്കത്തിലേക്കും നയിച്ചത്.
സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറച്ചും ഷോപ്പിങ് മാളുകൾക്കും ഫാക്ടറികൾക്കും നേരത്തെ അടക്കാനുള്ള നിർദേശം നൽകിയുമാണ് ഊർജ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.