ചാവേർ ആക്രമണത്തിനുപിന്നാലെ തുർക്കിയയിൽ വൻ തീവ്രവാദി വേട്ട
text_fieldsഅങ്കാറ: തുർക്കിയ തലസ്ഥാനത്തുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിനുപിന്നാലെ, കുർദിഷ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി പേരെ കസ്റ്റഡിയിലെടുത്തു. 16 പ്രവിശ്യകളിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് ‘കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി’ (പി.കെ.കെ) ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്ന 55 പേരെ കസ്റ്റഡിയിലെടുത്തതെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.
ലൈസൻസില്ലാത്ത തോക്കുകൾ കൈവശംവെച്ചു, ആയുധം കടത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് 928 പേരെയും അറസ്റ്റു ചെയ്തു. റെയ്ഡിൽ 840ലധികം തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവേശന കവാടത്തിനുസമീപം ചാവേർ സ്ഫോടനമുണ്ടായത്. വേനലവധിക്കുശേഷം പാർലമെന്റ് സമ്മേളനം വീണ്ടും തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ബോംബ് സ്ഫോടനം ഉണ്ടായത്. തുടർന്ന് പൊലീസുമായുള്ള വെടിവെപ്പിൽ രണ്ടാമത്തെ ചാവേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കേറ്റു. ഒരു വെറ്ററിനറി ഡോക്ടറെ തലക്ക് വെടിവെച്ചശേഷം പിടിച്ചെടുത്ത വാഹനത്തിലാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പി.കെ.കെ ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുശേഷം വടക്കൻ ഇറാഖിലെ പി.കെ.കെ കേന്ദ്രങ്ങളിൽ തുർക്കിയ വ്യോമസേന വ്യോമാക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.