മാധ്യമ പ്രവർത്തകരുടെ മേൽ ഇസ്രായേൽ ബോംബിട്ടത് യുദ്ധക്കുറ്റമെന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച്
text_fieldsബൈറൂത്: ഉറങ്ങിക്കിടന്ന മൂന്ന് മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായേൽ ആക്രമണം യുദ്ധക്കുറ്റമാണെന്നും യു.എസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് വാച്ച്. തെക്കുകിഴക്കൻ ലബനാനിലെ ഗെസ്റ്റ് ഹൗസിൽ ഉറങ്ങുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്കുമേൽ ഒക്ടോബർ 25ന് ഇസ്രായേൽ ബോംബിട്ടത്.
മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഏറ്റവും കനത്ത ആക്രമണമായിരുന്നു ഇത്. യു.എസ് നിർമിത ജോയന്റ് ഡയറക്ട് അറ്റാക് അമ്യൂണിഷൻ (ജെ.ഡി.എ.എം) ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമസേന വർഷിക്കുന്ന ബോംബ് സാറ്റലൈറ്റ് സിഗ്നലുകൾ ഉപയോഗിച്ച് കൃത്യമായി നിയന്ത്രിക്കാനും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കഴിയും.
ഒറ്റനില കെട്ടിടത്തിന്റെ മുകളിൽ പതിച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്. യു.എസ് കമ്പനിയായ ബോയിങ്ങാണ് ഈ ബോംബ് നിർമിച്ചതെന്നാണ് ആക്രമണം നടന്ന സ്ഥലവും അവശിഷ്ടങ്ങളും പരിശോധിച്ചതിൽനിന്ന് മനസ്സിലായത്. യു.എസിന്റെ ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ നിയമവിരുദ്ധമായി മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തുകയാണെന്നും ഹ്യൂമൺ റൈറ്റ്സ് വാച്ചിന്റെ മുതിർന്ന ഗവേഷകനായ റിച്ചാർഡ് വെയിർ പറഞ്ഞു. മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ട് ഇനിയും ഇസ്രായേൽ ആക്രമണം നടത്തില്ലെന്ന് ഒരുറപ്പുമില്ല. സാധാരണക്കാരെ കൊലപ്പെടുത്തുന്ന ഇസ്രായേൽ സൈന്യത്തിന് ആയുധം നൽകുന്നത് യു.എസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാമറമാൻ ഖസ്സൻ നജ്ജാർ, ബൈറൂത് ആസ്ഥാനമായ അൽ മയദീൻ ടി.വിയുടെ ബ്രോഡ്കാസ്റ്റ് ടെക്നീഷ്യൻ മുഹമ്മദ് റിദ, ഹിസ്ബുള്ളയുടെ അൽ മനാർ ടി.വി കാമറ ഓപറേറ്റർ വിസാം ഖാസിം എന്നിവരാണ് ഹസ്ബയയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ലബനാൻ ആരോഗ്യ മന്ത്രി ഫിറാസ് അബൈദ് പറഞ്ഞു. യു.എസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചിട്ടുണ്ടാവുമെന്ന് യു.എസ് ഭരണകൂടം മേയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.