ചൈനയിൽ വ്യാപക മസ്ജിദ് വേട്ടയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്
text_fieldsബെയ്ജിങ്: ചൈനയിൽ വർഷങ്ങൾക്കിടെ നൂറുകണക്കിന് മസ്ജിദുകൾ തകർക്കപ്പെട്ടതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ഉയ്ഗൂറുകളുള്ള സിൻജ്യങ് പ്രവിശ്യ കഴിഞ്ഞാൽ മുസ്‍ലിം ജനസംഖ്യയിലേറെയും വസിക്കുന്ന നിങ്സിയ, ഗാൻസു പ്രവിശ്യകളിലാണ് കഴിഞ്ഞ വർഷങ്ങളിൽ കൂട്ടമായി മുസ്‍ലിം ആരാധനാലയങ്ങൾ തകർക്കപ്പെടുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നത്. മുസ്‍ലിം ജനസംഖ്യ രണ്ടു കോടിയുള്ള ചൈനയിൽ ഇസ്‍ലാമിക വിശ്വാസം അനുഷ്ഠിക്കുന്നത് തടയാനുള്ള വ്യവസ്ഥാപിത ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു. മുമ്പും നടപടികളുണ്ടായിരുന്നെങ്കിലും അടുത്തിടെ ഇതിന് ആക്കംകൂടിയതാണ് ആശങ്കയുണർത്തുന്നത്.
2020നുശേഷം നിങ്സിയയിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട 1300ഓളം മസ്ജിദുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. തകർക്കപ്പെടുകയോ അടച്ചുപൂട്ടുകയോ ചെയ്ത രജിസ്റ്റർ ചെയ്യപ്പെടാത്ത ആരാധനാലയങ്ങൾ വേറെയും. 10 ലക്ഷം താമസക്കാരുള്ള ഷോങ്വെയ് പട്ടണത്തിൽ 2019ൽ മാത്രം 214 മസ്ജിദുകളാണ് ആരാധന മുടക്കി രൂപഭേദം വരുത്തിയത്. ജിങ്ഗൂയി പട്ടണത്തിൽ 130 ആണ് കണക്ക്. ഇസ്‍ലാമിക ശിൽപകല അടയാളങ്ങൾ പൂർണമായി എടുത്തുകളയലാണ് പ്രധാനമായും നടപ്പാക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
ഉയ്ഗൂർ വേട്ടയുടെ പേരിൽ നേരത്തേ ലോകശ്രദ്ധയിലെത്തിയ സിൻജ്യങ്ങിൽ 2017 മുതൽ 16,000ത്തോളം മസ്ജിദുകൾ പൂർണമായോ ഭാഗികമായോ തകർത്തതായി ആസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെയുള്ള ആരാധനാലയങ്ങളിൽ മൂന്നിൽ രണ്ടും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
2018 ഏപ്രിലിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി ചൈനീസ് ഭരണകൂടം നൽകിയ ഉത്തരവിൽ ഇസ്‍ലാമിക പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങളുടെ നിർമാണവും രൂപകൽപനയും കർശനമായി നിയന്ത്രിക്കണമെന്ന് നിർദേശിച്ചിരുന്നു. ‘‘കൂടുതൽ തകർക്കുക, കുറച്ച് നിർമിക്കുക’ എന്നതാകണം ലക്ഷ്യമെന്നും ഇതിൽ ആവശ്യപ്പെട്ടു. 2016ൽ ഷി ജിൻപിങ് ചൈനീസ് ഭരണം പൂർണമായി തന്റേതാക്കിയതു മുതൽ കർശനമാക്കിയ മതവിലക്കിന്റെ തുടർച്ചയായിരുന്നു ഈ ഉത്തരവ്.
നിങ്സിയയിലെ രണ്ടു ഗ്രാമങ്ങളിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകർ നടത്തിയ ഉപഗ്രഹപരിശോധനയിൽ 2019നും 2021നുമിടയിൽ ഇവിടെയുണ്ടായിരുന്ന ഏഴു മസ്ജിദുകളിൽ മിനാരങ്ങളും കുംഭഗോപുരങ്ങളും നീക്കം ചെയ്തതായി കണ്ടെത്തി. മൂന്നെണ്ണത്തിന്റെ പ്രധാന ഹാളുകൾ തകർത്തപ്പോൾ ഒന്നിൽ വുദു എടുക്കുന്ന ഭാഗം നശിപ്പിച്ചു. 2.5 കിലോമീറ്റർ പരിധിയിൽ ഒരു മസ്ജിദ് മാത്രമേ അനുവദിക്കൂ എന്നതാണ് രീതിയെന്ന് നിങ്സിയയിലെ ഒരു ഇമാം പറയുന്നു.
സിൻജ്യങ്ങിനുശേഷം മറ്റു പ്രവിശ്യകളിലും ഇസ്‍ലാമിക മുദ്രകൾ തുടച്ചുനീക്കുന്നതിന്റെ പരീക്ഷണമായാണ് നിങ്സിയയിലെ നടപടി. മിനാരങ്ങളുൾപ്പെടെ മസ്ജിദിന്റെ അടയാളങ്ങൾ ആദ്യം നീക്കംചെയ്തശേഷം ആരാധനക്കായുള്ള വുദു സൗകര്യമുൾപ്പെടെ നിഷേധിക്കലാണ് പിന്നീട് നടപ്പാക്കുന്നത്. നമസ്കാരം മുടങ്ങുന്ന മുറക്ക് ആളുകൾ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അവ അടച്ചുപൂട്ടും.
ലിങ്സിയ പ്രവിശ്യയിൽ 16 വയസ്സിനു താഴെയുള്ളവർ മതാനുഷ്ഠാനങ്ങളുടെ ഭാഗമാകുന്നത് 2018ൽ അധികൃതർ വിലക്കിയിരുന്നു. 2019ൽ ഇവിടെ നിരവധി മസ്ജിദുകൾ സാംസ്കാരികനിലയങ്ങളാക്കിമാറ്റിയതായും റിപ്പോർട്ട് പറയുന്നു. സമാനമായി, തിബത്ത് മേഖലയിലെ ചർച്ചുകൾക്കു മുകളിലെ കുരിശുകളും മറ്റു ചിഹ്നങ്ങളും നീക്കംചെയ്യുന്നതും തകൃതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.