ചത്താലും 30 മനുഷ്യരെ വരെ കൊല്ലാൻ പവർ ഫുള്ളായ 'പഫർ ഫിഷുകൾ' ചത്തൊടുങ്ങി; ഭീതിയിൽ ഒരു തീരവും നാടും
text_fieldsകൗതുകങ്ങളുടെ കലവറ കൂടിയാണ് കടൽ. തിന്നാൻ കഴിയുന്ന മത്സ്യത്തിന് പുറമെ എണ്ണിയാലൊടുങ്ങാത്ത കടൽ ജീവികളുടെയും സസ്യങ്ങളുടെയും കലവറ. ആ കടൽ കഴിഞ്ഞ ദിവസം പഫർ ഫിഷ് (puffer fish)എന്ന ഇനത്തിൽ പെട്ട നൂറ് കണക്കിന് ചത്ത മീനുകളെയാണ് ആഫ്രിക്കൻ തീരത്ത് തള്ളിയത്. 30 മനുഷ്യരെ കൊല്ലാനുള്ള വിഷ വീര്യവും സയനൈഡിനേക്കാൾ 1200 മടങ്ങ് പവർ ഫുള്ളുമെന്ന് ശാസ്ത്രലോകം കരുതുന്ന പഫർ ഫിഷുകൾ ബീച്ചിൽ ചത്തടിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഒരു നാടും തീരവും.
ദക്ഷിണാഫ്രിക്കയിലെ കേപ് ഠൗണിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മ്യൂസെൻബെർഗ് ബീച്ചിലാണ് പഫർ ഫിഷുകൾ ചത്തടിഞ്ഞത്. കൊടുംഭീകരനായ വിഷജീവിയാണ് ചത്തടിഞ്ഞത് പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ആദ്യം മനസിലായിരുന്നില്ല.
കൂടുംബത്തോടൊപ്പം സവാരിക്കിറങ്ങിയ സമുദ്ര ജീവികളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന ഡോ.ടെസ് ഗ്രിഡ്ലെ ആണ് പഫർ ഫിഷുകളാണ് ചത്തടിഞ്ഞിരിക്കുന്നത് എന്ന് ആദ്യം തിരിച്ചറിയുന്നത്. ചത്താലും വിഷ വീര്യം നിലനിൽക്കുന്നതിനാൽ ഏറെ അപകടകാരിയാണ് ഈ മത്സ്യം.
ഉടനെ അവർ ജനങ്ങളോട് തീരത്ത് നിന്ന് മാറാനാവശ്യപ്പെടുകയും,ഫിഷറീസ്, പരിസ്ഥിതി, വനം വകുപ്പുകൾ ബീച്ചിൽ പരിശോധന നടത്തുകയും ചെയ്തു. ബീച്ചിലെ ഒാരോമീറ്റർ ദുരത്തിലും മത്സ്യം ചത്തടിഞ്ഞത് കാണാമായിരുന്നുവെന്ന് അവർ പങ്ക് വെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.
അപകടത്തിന്‍റെ വ്യാപ്തിയെ കുറിച്ച് സൂചന നൽകിയ അധികൃതർ കുട്ടികളെയും വളർത്തുമൃഗങ്ങളെയും തീരത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തുകയും ബീച്ചിലേക്കുള്ള സന്ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. മത്സ്യം ചത്തൊടുങ്ങിയതിന് കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. കരയ്ക്കടിഞ്ഞ പഫർ ഫിഷുകളെ ഭക്ഷിച്ച വളർത്തു നായകളിലൊന്ന് ചത്തതായി പ്രാദേശിക എൻ.ജി.ഒ അധികൃതർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.